vijay-rahul-gandhi

തമിഴ്നാട്ടില്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങി ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്. കൂടുതല്‍ മന്ത്രിമാർ നാളെ (വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ വിജയ് മന്ത്രിസഭയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കെ.സി.വേണുഗോപാൽ എംപിയും സ്ഥിരീകരിച്ചു. അങ്ങിനെയെങ്കില്‍ 59 വർഷത്തിനു ശേഷം ആദ്യമായാണ് തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എംഎൽഎമാരായ അഡ്വ.രാജേഷ് കുമാറും പി.വിശ്വനാഥനും സത്യപ്രതി‍ജ്ഞ ചെയ്ത് മന്ത്രിമാരായി അധികാരമേല്‍ക്കുമെന്നാണ് കെ.സി.വേണുഗോപാൽ എക്സില്‍ കുറിച്ചത്. ഇതിന് മല്ലികാര്‍ജുന്‍ ഖര്‍ഗെ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ ചേരുകയാണെന്നും ഇത് പാർട്ടിക്ക് ഒരു ചരിത്ര നിമിഷമായിരിക്കുമെന്നും വേണുഗോപാൽ കുറിച്ചു. എംഎൽഎമാരായ രാജേഷ് കുമാർ കന്യാകുമാരിയിലെ കിള്ളിയൂർ മണ്ഡലത്തിൽ നിന്നും വിശ്വനാഥൻ മധുരയിലെ മേലൂരിൽ നിന്നുമാണ് വിജയിച്ചത്.

നേരത്തേ വിജയ്‌യുടെ മന്ത്രിസഭയുടെ ഭാഗമാകാൻ ടിവികെ സഖ്യകക്ഷികളെ ക്ഷണിച്ചിരുന്നു. മന്ത്രിസഭയുടെ ഭാഗമാകാൻ വിസികെ നേതാവ് തോൽ തിരുമാവളവനെ ഞങ്ങൾ ക്ഷണിക്കുന്നു. മുഖ്യമന്ത്രിയുടെ ആഗ്രഹവും ഇതാണ് എന്നായിരുന്നു ടിവികെ നേതാവും മന്ത്രിയുമായ ആദവ് അർജുന മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതുപോലെ, മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരണം. ലീഗ് നേതാക്കൾക്കും ക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനോട് മന്ത്രിസഭയുടെ ഭാഗമാകാൻ മുഖ്യമന്ത്രി ഇതിനകം തന്നെ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആദവ് പറയുകയുണ്ടായി. അതേസമയം, എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ലെന്നും സൂചനയുണ്ട്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ലോക് ഭവന്റെ പ്രസ്താവനയിൽ പറഞ്ഞെങ്കിലും എത്ര പേർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ദ്രാവിഡ പാർട്ടികളായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ഉദയത്തിനുശേഷം തമിഴ്നാട്ടില്‍ രാഷ്ട്രീയമായി പിന്നോട്ട് തള്ളപ്പെട്ട കോണ്‍ഗ്രസിന് ഇത് പുതിയ ഉദയമായിരിക്കും. കൃത്യമായി പറഞ്ഞാല്‍ 1967ന് ശേഷം തമിഴ്‌നാട് മന്ത്രിസഭയിൽ കോണ്‍ഗ്രസിന് മന്ത്രി ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കോൺഗ്രസ് ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും ദ്രാവിഡ രാഷ്ട്രീയം ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് സർക്കാരിന്റെ ഭാഗമാകാൻ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല.

വിജയിക്കുമ്പോള്‍ മന്ത്രി പദവി എന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം ഡിഎംകെ എന്നും തള്ളിയിരുന്നു. മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകൾ ചോദിച്ചെങ്കിലും 20+ സീറ്റുകള്‍ മാത്രമേ ഡിഎംകെ നല്‍കിയിരുന്നുള്ളൂ. ഈ സമയം 70 സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ ടിവികെ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് ഒപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. എങ്കിലും ഇതെല്ലാം ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വിള്ളല്‍ വീഴ്ത്തിയിരുന്നു.

എന്നാല്‍ ഒടുവില്‍ തമിഴ് രാഷ്ട്രീയത്തെ മാറ്റി മറച്ച് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയായിരുന്നു. 234 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ ടിവികെ 108 സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ മാത്രമായിരുന്നു കുറവ്. ഇതോടെ 62 വര്‍ഷം നീണ്ട ദ്രാവിഡ പാര്‍ട്ടികളുടെ ഭരണത്തിനും അന്ത്യമായി. ഒടുവില്‍ പത്തുദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഡിഎംകെയിൽ നിന്ന് ബന്ധം അവസാനിപ്പിച്ചെത്തിയ കോണ്‍ഗ്രസിന്‍റെയും വിസികെയുടെയും ഇടതുപാര്‍ട്ടികളുടെയും ലീഗിന്‍റെയും പിന്തുണയോടെ വിജയ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

1952 മുതൽ 1967 വരെ, കോൺഗ്രസ് പാർട്ടിയാണ് അന്ന് മദ്രാസ് എന്നറിയപ്പെട്ടിരുന്ന തമിഴ്‌നാട് ഭരിച്ചത്. സി.രാജഗോപാലാചാരി, കെ.കാമരാജ്, എം.ഭക്തവത്സലം എന്നിവരായിരുന്നു ആ കാലഘട്ടത്തിലെ മുഖ്യമന്ത്രിമാര്‍. 1967-ൽ ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം ഇത്രയും കാലം ഡിഎംകെയുമായും എഐഎഡിഎംകെയുമായും സഖ്യമുണ്ടാക്കിയിരുന്നെങ്കിലും, കോണ്‍ഗ്രസ് ഒരിക്കലും തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമായിരുന്നില്ല. 2006-11ല്‍ ഡിഎംകെ ഭരണകാലത്ത്, മന്ത്രിപദം എന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ENGLISH SUMMARY:

In a monumental shift in Tamil Nadu politics, Tamilaga Vettri Kazhagam (TVK) chief and Chief Minister Vijay is all set to expand his state cabinet on Thursday, creating history by including the Congress party into the state government after a staggering 59-year hiatus. Congress leader KC Venugopal confirmed that MLAs Adv. Rajesh Kumar from Killiyoor and P. Viswanathan from Melur will take oath as ministers under the new coalition government with the high command's absolute approval. This landmark development comes after decades of suppression of national parties by dominant Dravidian forces like DMK and AIADMK, who consistently denied Congress any power-sharing or cabinet berths since 1967. The political landscape underwent a major realignment after Vijay’s TVK debuted remarkably by winning 108 out of 234 assembly seats, forcing frustrated DMK allies like the Congress, VCK, Left, and IUML to switch sides to form a stable alliance. While the official communication from Lok Bhavan confirmed the ceremony at 10 AM, TVK leadership has also actively invited other major secular allies to join the historic ministry, completely transforming the political architecture of South India.