തമിഴ്നാട്ടിെലെ ഗംഭീര വിജയത്തിന് ശേഷം കേരളത്തിലേക്ക് ചുവടുറപ്പിക്കാന്‍ വിജയ്‍യുടെ തമിഴക വെട്രി കഴകം. തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ വിജയ്‍ ആരാധകക്കൂട്ടം കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നു. സമൂഹ മാധ്യമങ്ങളിലും തമിഴക വെട്രി കഴകത്തിന്‍റെ കേരള സാന്നിധ്യം കൂടുതലാണ്. എന്നാല്‍ ഇവ ഔദ്യോഗിക അക്കൗണ്ടുകളാണോ എന്നതില്‍ വ്യക്തതയില്ല.
ഞായറാഴ്ച പാലക്കാട് വിജയ് ആരാധകര്‍ യോഗം ചേര്‍ന്നു. കഴിഞ്ഞാഴ്ച വയനാട്ടില്‍ യോഗം ചേര്‍ന്ന വിജയ് ആരാധകര്‍ പാര്‍ട്ടി യൂണിറ്റ് ആരംഭിക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. 2024 ല്‍ ടിവികെ ആരംഭിച്ചതു മുതല്‍ കേരളത്തിലെ വിജയ് ആരാധകര്‍ പാര്‍ട്ടിയുടെ കേരള ഘടകം ആരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദളപതി വിജയ് മക്കൾ ഇയക്കത്തിന്‍റെ കീഴില്‍ പതിനായിരക്കണക്കിന് വിജയ് ആരാധകര്‍ കേരളത്തിലുണ്ട്. വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കേരളത്തിലെ വിവിധയിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നിരുന്നു.
പാലക്കാട്ടും വയനാട്ടിലും നടന്ന ടി.വി.കെ.യുടെ യോഗത്തിൽ കൂടുതലും യുവാക്കളും സ്ത്രീകളുമാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ പലരും ഐ.ടി. പ്രൊഫഷണലുകളായിരുന്നു. കേരളത്തില്‍ ബൂത്തുതലം മുതല്‍ ടിവികെയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും എന്നാണ് പാലക്കാട് നടന്ന യോഗത്തിൽ പങ്കെടുത്തവർ പറയുന്നത്. തമിഴ്‌നാട്ടിൽ മാറ്റം കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിയുമെന്നതിനാൽ കേരളത്തിലെ ജനങ്ങളുടെ പിന്തുണയും പാർട്ടിക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ജില്ലകളിലെയും പ്രവർത്തനങ്ങൾ ടിവികെ നേതൃത്വം നേരിട്ട് ഏകോപിപ്പിക്കുന്നുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു.
ഇതിനൊപ്പം സമൂഹ മാധ്യമങ്ങളില്‍ ടിവികെ അക്കൗണ്ടുകള്‍ സജീവമാണ്. വിവിധ ജില്ലാ കമ്മിറ്റികളുടെ പേരിലും സംസ്ഥാന കമ്മിറ്റിയുടെ പേരിലും ടിവികെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സജീവമാണ്. ഔദ്യോഗികമായി അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെങ്കിലും ഈ അക്കൗണ്ടുകള്‍ക്ക് വലിയ ജന സ്വീകാര്യതയുണ്ട്. 2025 മേയില്‍ ആരംഭിച്ച ടിവികെ സംസ്ഥാന കമ്മിറ്റിയുടെ ഇന്‍സ്റ്റഗ്രാം പേജ് ഇതിനോടകം തന്നെ 1 ലക്ഷത്തിന് മുകളില്‍ പേര്‍ പിന്തുടരുന്നുണ്ട്.