ഡൽഹി ചർച്ചകൾ പൂർത്തിയായിട്ട് രണ്ടാം ദിവസമായെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിമർശിച്ചതോടെ നേതൃത്വത്തിനുമേൽ സമ്മർദ്ദം ഏറുകയാണ്. ബംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉടൻ സോണിയാഗാന്ധിയുമായി സംസാരിച്ചേക്കും. എടുക്കുന്ന തീരുമാനം ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രഖ്യാപിക്കുക. ആത്മവിശ്വാസത്തിലാണ് കെ.സി, വി.ഡി, ആര്‍.സി പക്ഷങ്ങൾ.
പ്രകടനങ്ങൾ വി.ഡിക്ക് തിരിച്ചടിയായി എന്നാണ് പൊതു വിലയിരുത്തൽ. സമവായത്തിലേക്ക് നീങ്ങിയാൽ വഴി തെളിയുമെനാണ് രമേശ് ചെന്നിത്തല പക്ഷം കരുതുന്നത്. നിലവിൽ ഉയർന്നിട്ടുള്ള ജനരോഷം കെ.സി പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.
ആർക്കാണ് എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ എന്നത് കഴിഞ്ഞ കാര്യമാണ്. ഹൈക്കമാൻഡ് ആണ് ഇനി തീരുമാനമെടുക്കുക. കെ.സി.വേണുഗോപാലുമായി രാഹുൽ ഗാന്ധി രഹസ്യ ചർച്ച നടത്തിയെന്ന വാർത്തകളെക്കുറിച്ച് തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നതിൽ മുസ്‍ലിം ലീഗിന് അതൃപ്തിയുണ്ട്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി വിവാദങ്ങളും പരസ്യപ്രകടനങ്ങളും യുഡിഎഫിന് ലഭിച്ച വിജയത്തിന്റെ തിളക്കം ഇല്ലാതാക്കി എന്നാണ് ലീഗിന്റെ വിലയിരുത്തൽ. മാത്യു കുഴല്‍നാടൻ നടത്തിയ പ്രതികരണത്തിനെതിരെയും ലീഗിനുള്ളിൽ അതൃപ്തി പുകയുകയാണ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരെച്ചൊല്ലിയും കോൺഗ്രസില്‍ തർക്കങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്കയും ലീഗിനുണ്ട്.