ട്വിസ്റ്റുകള്‍ തീരാതെ തമിഴ്നാട് രാഷ്ട്രീയം. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ച സമയത്ത് വിമത നേതാക്കള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചത് പാര്‍ട്ടിയിലെ ഭിന്നത തുറന്നുകാട്ടി.

മുതിര്‍ന്ന നേതാവ് സി.വി ഷണ്‍മുഖം, എസ്.പി വേലുമണി എന്നിവരാണ് എംഎല്‍മാരുടെ യോഗം വിളിച്ചത്. ഭൂരിഭാഗം എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു എന്നാണ് വിവരം. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് സമയത്ത് വിജയ്ക്ക് പിന്തുണ നല്‍കാനാണ് വിമത പക്ഷത്തിന്‍റെ നീക്കം. ഷണ്‍മുഖത്തിന്‍റെ വീട്ടില്‍ നടന്ന വിമത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിജയ്ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ബിജെപിയുടെ സഖ്യം വിടാനും നേതാക്കള്‍ തീരുമാനിച്ചു. 

47 സീറ്റില്‍ വിജയിച്ച എഐഎഡിഎംകെയ്ക്ക് പ്രതിപക്ഷ നേതൃപദവിയും നഷ്ടമായി. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് എഐഎഡിഎംകെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രതിപക്ഷത്തിരിക്കുന്നത്. ജനറൽ സെക്രട്ടറിയായതിന് ശേഷം തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണം ഇപിഎസ് ആണെന്നാണ് വിമത വിഭാഗത്തിന്‍റെ കുറ്റപ്പെടുത്തല്‍. 

തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ ടിവികെയ്ക്ക് പിന്തുണ നല്‍കണം എന്ന് പറഞ്ഞ നേതാവാണ് ഷണ്‍മുഖവും വെലുമണിയും. എന്നാല്‍ ഇപിഎസാണ് ഈ തീരുമാനത്തെ എതിര്‍ത്തത്. നിലവില്‍ മൂന്നില്‍ രണ്ട് എംഎല്‍എമാരും ഒപ്പമുള്ളതിനാല്‍ കൂറുമാറ്റം ഭയക്കേണ്ട സാഹചര്യം വിമതര്‍ക്കില്ലെന്നാണ് വിവരം. 

ENGLISH SUMMARY:

Tamil Nadu politics is experiencing significant twists and turns following the swearing-in of Chief Minister Vijay. The AIADMK party is facing severe internal dissent, with rebel leaders calling an MLA meeting while General Secretary Edappadi Palaniswami convened a district secretaries' meeting, highlighting the party's rifts.