Image Credit: PTI
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുന്‍സര്‍ക്കാരിനെ വിമര്‍ശിച്ച് വിജയ് നടത്തിയ പരാമര്‍ശത്തിനെതിരെ സ്റ്റാലിന്‍. കഴിഞ്ഞ അഞ്ചു വര്‍ഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നടപ്പിലാക്കിയെന്നും കോവിഡും പ്രളയവും കേന്ദ്രത്തിന്റെ അവഗണനയും അതിന് തടസമുണ്ടാക്കാന്‍ തന്‍റെ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള കുറിപ്പിലാണ് സ്റ്റാലിന്‍റെ മറുപടി. സര്‍ക്കാരിന് പണമില്ലെന്ന് പറഞ്ഞല്ല തുടങ്ങേണ്ടതെന്നും ആവശ്യമുള്ളത് ഖജനാവിലുണ്ടെന്നും ജനങ്ങള്‍ക്ക് കൊടുക്കാനുള്ള മനസും അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഇച്ഛാശക്തിയുമാണ് വേണ്ടതെന്നും സ്റ്റാലിന്‍ കുറിച്ചു.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ വിജയ് നടത്തിയ പ്രഖ്യാപനങ്ങളെയും സ്റ്റാലിന്‍ പ്രശംസിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കടത്തിലാണെന്നത് ശരിയല്ലെന്നും അനുവദിക്കപ്പെട്ട പരിധിക്കുള്ളില്‍ നിന്ന് മാത്രമാണ് കടമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിലെ ബജറ്റില്‍ തന്നെ തമിഴ്നാടിന്‍റെ ധനസ്ഥിതിയെ കുറിച്ച് വ്യക്തമാക്കിയിരുന്നതാണ്. അത് വിജയ്ക്കും അറിവുള്ളതല്ലേ? അതിന് ശേഷമല്ലേ വിജയ് ജനങ്ങള്‍ക്ക് വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയതെന്നും അവരെ ഇനി വഞ്ചിക്കരുതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. 'അധികാരമേറ്റതിന് പിന്നാലെ നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കൂവെന്ന് തന്നെയല്ലേ വിജയ് പറഞ്ഞത്? ആ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എന്തെല്ലാം കടമ്പകള്‍ താണ്ടണമെന്ന് ഭരിച്ച് തുടങ്ങുമ്പോള്‍ അറിയാം.നിങ്ങള്‍ക്കായി വോട്ടു ചെയ്ത ജനങ്ങള്‍ക്കൊപ്പം ആ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. തമിഴ്നാട് നിങ്ങളുടെ ഭരണത്തിലും വളരട്ടെ, എല്ലാ ആശംസകളും'- സ്റ്റാലിന്‍ കുറിച്ചു.
അധികാരമേറ്റതിന് പിന്നാലെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനുള്ള ഫയലില്‍ വിജയ് ഒപ്പിട്ടു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സേനയും ഹെല്പ്ലൈന് മ്പറും സജ്ജമാക്കുമെന്നും ലഹരിക്കെതിരെ പ്രത്യേക സേന വരുമെന്നും കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പൂര്‍ണ ശ്രദ്ധയുണ്ടാകുമെന്നും വിജയ് പ്രഖ്യാപിച്ചു.