തമിഴ്നാട്ടില്‍ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മുസ്ലീംലീഗ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ കേവലഭൂരിപക്ഷം ഉറപ്പിച്ചു. വിജയ് ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു . പിന്തുണച്ച ഇടത് പാര്‍ട്ടി നേതാക്കളെ കണ്ട് വിജയ് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ ആർ.വി.അർലേക്കർ നിലപാടെടുത്തതോടെയാണ് സഖ്യ ചർച്ചകൾ സജീവമായത്. അവസാന നിമിഷം നടന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് (5 സീറ്റുകൾ), വിസികെ (2), സിപിഎം (2), സിപിഐ (2), എഎംഎംകെ (1), മുസ്‌ലിം ലീഗ് (1) എന്നീ പാർട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനാണ് അവസാനമായിരിക്കുന്നത്. പിന്തുണ നൽകിയതിന് പകരമായി കോൺഗ്രസ് രണ്ട് മന്ത്രി സ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വിസികെയ്ക്കും ഒരു മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാൽ സിപിഎമ്മും സിപിഐയും ടിവികെ മന്ത്രിസഭയിൽ ഭാഗമാകില്ലെന്ന് നിലപാടെടുത്തു. അതേസമയം സംസ്ഥാനത്തിന്റെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഇടതുപക്ഷ പാർട്ടികൾ അറിയിച്ചിട്ടുണ്ട്.