ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി ഉയർന്ന വൻ പ്രതിഷേധങ്ങൾക്കൊടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയില്‍ (എൻടിഎ) നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. 47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു. ചില ഉദ്യോഗസ്ഥർക്കെതിരെ നിയമ ക്രിമിനൽ നടപടി സ്വീകരിക്കും. എൻടിഎ നവീകരണത്തിന്റെ ഭാഗമായാണ് നടപടി.
ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണു നീക്കം. അതിനിടെ പരീക്ഷ ക്രമക്കേട് തടയുന്നതിനുള്ള പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചോദ്യ പേപ്പർ ചോർച്ചയ്ക്ക് നിലവിലെ നിയമപ്രകാരം കുറ്റക്കാർക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയുമാണ് ശിക്ഷ. പുതിയ ബില്ലിൽ ശിക്ഷാകാലവളവും പിഴയും വൻതോതില്‍ വർധിപ്പിക്കുമെന്നാണ് വിവരം. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനാണ് നീക്കം.
Also Read: മന്ത്രിമാർക്ക് മുന്നിൽ കൈകൂപ്പിയില്ല; കൈകെട്ടിയിരുന്നു; സിജെപിയുടെ പ്രതിനിധികൾ ചില്ലറക്കാരല്ല
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017 ലാണ് സ്വയംഭരണാവകാശമുള്ള സ്ഥാപനമായി കേന്ദ്ര സർക്കാർ എൻടിഎ രൂപീകരിച്ചത്. ജെഇഇ, നീറ്റ് തുടങ്ങി ഇരുപതോളം ദേശീയതല പരീക്ഷകൾ നിലവിൽ നടത്തുന്നത് എൻടിഎ ആണ്. ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
അതേസമയം, മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നതോടെ തീരുമാനമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി. കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ സി.ജെ.പിയുടെ മറ്റ് ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭമെന്ന് സിജെപി പ്രഖ്യാപിച്ചു. നാളെ മൂന്നരയ്ക്ക് കേന്ദ്രം വീണ്ടും സി.ജെ.പിയുമായി ചര്‍ച്ച നടത്തും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി എന്ന ആവശ്യം ഒട്ടും പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ആലോചനയ്ക്ക് സാവകാശം തേടിയത്. മന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങും സി.ജെ.പി വക്താക്കളായ സൗരവ് ദാസും അഷുതോഷ് റാങ്കയുമായുള്ള ചര്‍ച്ച ഏകദേശം 2 മണിക്കൂർ നീണ്ടു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കരുത്, ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. അതിവേഗ കോടതിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയതടക്കമുള്ള നടപടികളും മന്ത്രിമാര്‍ വിശദീകരിച്ചു. എന്നാല്‍ പ്രധാന്‍റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സി.ജെ.പി ആവര്‍ത്തിച്ചതോടെയാണ് ഇന്ന് സമവായം അകന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി ജെപി നഡ്ഡ പ്രതികരിച്ചു
ഏറ്റവും അധികം സംസാരിച്ചത് രാജിയെക്കുറിച്ചാണെന്നും 21 കുട്ടികളുടെ ജീവന് ഉത്തരവാദിത്തം എൽക്കണം എന്ന് തങ്ങള്‍ പറഞ്ഞതായും സി.ജെ.പി പ്രതിനിധികള്‍ പറഞ്ഞു.
പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ നാളെ താങ്കളുടെ രാജിക്കായി യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് മോദിക്ക് അഭിജീത് ദീപ്കെയുടെ മുന്നറിപ്പ്.