പ്രതിഷേധം ഒരു ലക്ഷ്യം മുന്നിൽക്കണ്ടാണ്. ചർച്ചയ്ക്കായി ഒരു മേശയ്ക്കിരുവശവുമിരുന്നപ്പോൾ അവർ മുഖമുയർത്തിത്തന്നെ കാര്യം പറഞ്ഞു. കേന്ദ്രമന്ത്രിമാർക്ക് മുന്നിലെ സിജെപി സംഘത്തിന്‍റെ നിലപാട് വ്യക്തവും കൃത്യവുമായിരുന്നു. മൂന്നേ മൂന്ന് കാര്യങ്ങളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ വീഴ്ചവരുത്തിയ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയായിരുന്നു ഒന്നാമത്തെ ആവശ്യം. പ്രതിഷേധിച്ചവരെ കേസിൽ കുടുക്കാതിരിക്കുക, നീറ്റ് പരീക്ഷാ വീഴ്ചയുടെ പേരിൽ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു മറ്റ് രണ്ട് ആവശ്യങ്ങൾ. മന്ത്രിയുടെ രാജിക്ക് സാവകാശം തേടിയ കേന്ദ്രസംഘം മറ്റ് രണ്ട് ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു.
കേന്ദ്രത്തോട് മുഖത്തോട് മുഖം കാര്യം പറഞ്ഞ സിജെപി പ്രതിനിധികൾ ആരെല്ലാമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ ഇടംവലം നിൽക്കുന്ന ഇവർ കേന്ദ്രമന്ത്രിമാർക്ക് മുന്നിൽ കൈകെട്ടി കൂസലില്ലാതെ ഇരുന്നു. യഥാര്‍ഥത്തില്‍ ആരാണിവര്‍ ? എന്താണിവരുടെ യോഗ്യത?
ആദ്യം വെള്ള ടീഷർട്ടുകാരനിൽ തുടങ്ങാം. അതാണ് സൗരവ് ദാസ്. 2026 ജൂണിലാണ് അദ്ദേഹം കൊക്രോച്ച് ജനതാ പാർട്ടിയുടെ മുഖ്യ വക്താവായി ചുമതലയേൽക്കുന്നത്. സ്ഥാപകൻ അഭിജിത് ദീപ്കെ തന്നെയാണ് സൗരവിനെ മുഖ്യ വക്താവായി തിരഞ്ഞെടുത്തത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ നിലവിൽ നടക്കുന്ന സമരങ്ങളുടെ പ്രധാന ശബ്ദമായി അധികം വൈകാതെ സൗരവ് മാറി.
അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ സൗരവ് സ്വതന്ത്ര ജേണലിസ്റ്റാണ് . തന്‍റെ 18-ാം വയസിൽ, അതായത് 2016 കാലത്ത്, വിവരാവകാശ നിയമം വഴി സർക്കാർ സംവിധാനങ്ങളിലെ സുതാര്യതയെക്കുറിച്ചും ഭരണപരമായ കാര്യങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതിൽ താൽപര്യം കാണിച്ചുതുടങ്ങിയിരുന്നു. വിവരാവകാശ രേഖകളിലെ കണക്കുകൾ പ്രകാരം സമൂഹത്തിലെ പല കള്ളക്കണക്കുകളും പുറത്തുകൊണ്ടുവരാൻ സൗരവ് ദാസ് ശ്രമിച്ചു. കോളജ് പഠനകാലമായ 2017 മുതൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ തല്‍പരന്‍. 2020 മുതൽ സ്വതന്ത്രമായി എഴുതുന്ന സൗരവ് അൽ ജസീറ (Al Jazeera), ദി കാരവൻ (The Caravan), ആർട്ടിക്കിൾ 14 (Article 14), ദി വയർ (The Wire), ദി ഹിന്ദു (The Hindu) തുടങ്ങിയ മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റുകളിൽ നിന്ന് രഹസ്യമായി പണം കൈപ്പറ്റാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ യാഥാർഥ്യങ്ങൾ അദ്ദേഹം വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ടു. കൃത്യമായ നിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെ ഉദ്യോഗസ്ഥരുമായുള്ള വെറും “അനൗപചാരിക ചർച്ചകളുടെ” മാത്രം അടിസ്ഥാനത്തിലാണ് ഇടപാടുകളെന്ന് അദ്ദേഹത്തിന്‍റെ അന്വേഷണം തെളിയിച്ചു.
ഇതുകൂടാതെ ഉത്തർപ്രദേശിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, പുതിയ ക്രിമിനൽ നിയമങ്ങളിലെ സുതാര്യതക്കുറവ്, സുപ്രീം കോടതി കൊളീജിയത്തിന്‍റെ സുതാര്യതയില്ലായ്മ, ആധാർ വിവര ചോർച്ചയും സി.എ.ജി മുന്നറിയിപ്പും, കോവിഡ് കാലത്തെ അടിയന്തര വിവരങ്ങൾ മറച്ചുവെക്കൽ എന്നതടക്കം ഒട്ടേറെ വിഷയങ്ങളിൽ ശ്രദ്ധേയമായ ലേഖനങ്ങൾ സൗരവിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്. ഇതുകൂടാതെ ഡൽഹിയിലെ വായു മലിനീകരണമടക്കം കാലാവസ്ഥാ-പാരിസ്ഥിതിക വിഷയങ്ങളിൽ പ്രവർത്തിക്കുന്ന ‘ക്ലൈമറ്റ് ആക്ഷൻ ഫ്രണ്ട്’ (Climate Action Front) എന്ന സംഘടനയുടെ സഹസ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
ആക്ടിവിസ്റ്റുകൾക്കും ആർ.ടി.ഐ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമെതിരായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ ‘പാറ്റ’ പരാമർശത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളുമായിരുന്നു സൗരവ് ദാസ്.
ഇനി കോഫി ബ്രൗൺ ഷർട്ടുകാരനായ അശുതോഷ് റാങ്കയെക്കുറിച്ച്. റാങ്കയുടെ കഥ ഏറെ കൗതുകങ്ങൾ നിറഞ്ഞതാണ്. പാർട്ടിയുടെ ദേശീയ വക്താവായ റാങ്ക ലണ്ടനിലെ ഉയർന്ന ശമ്പളവും മികച്ച കോർപറേറ്റ് കരിയറും ഉപേക്ഷിച്ച് രാജ്യസേവനത്തിനിറങ്ങിയ വ്യക്തിയാണ്. 2017ൽ ഐഐടി കാൺപൂരിൽ നിന്ന് മെറ്റീരിയൽസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ റാങ്ക അവിടെ സ്റ്റുഡന്റ് സെനറ്റ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും റാങ്കും കരസ്ഥമാക്കി.
രാജ്യാന്തര തലത്തിൽ പ്രശസ്തമായ കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ (McKinsey & Company) മുംബൈ, ലണ്ടൻ ഓഫീസുകളിൽ മാനേജ്മെന്റ് കൺസൾട്ടന്റായും സീനിയർ അസോസിയേറ്റായും ജോലി ചെയ്തിട്ടുണ്ട്. ജനീവയിലെ ഗാവി (Gavi, Vaccine Alliance) എന്ന അന്താരാഷ്ട്ര സംഘടനയിലും ഗ്ലോബൽ ഹെൽത്ത് വിഷൻസിലും സീനിയർ അസോസിയേറ്റായും റാങ്ക പ്രവർത്തിച്ചിട്ടുണ്ട്. 2025ൽ മക്കിൻസി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ റാങ്ക ജയ്പൂർ കേന്ദ്രീകരിച്ച് സജീവ സാമൂഹിക പ്രവർത്തനം നടത്താൻ തുടങ്ങി. പരിസ്ഥിതി പ്രശ്നങ്ങൾ, വിദ്യാർഥി ആത്മഹത്യകൾ, നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ അദ്ദേഹം പ്രാദേശികമായി ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകി.
സി.ജെ.പിയിൽ ചേരുന്നതിന് മുൻപ് അശുതോഷ് റാങ്ക ആം ആദ്മി പാർട്ടിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പാർട്ടിയുടെ ദേശീയ വക്താവായി പ്രവർത്തിച്ച അദ്ദേഹം 2026 മാർച്ചിലാണ് എ.എ.പിയിൽ നിന്ന് രാജിവെക്കുന്നത്. യൂത്ത് കേന്ദ്രീകൃത രാഷ്ട്രീയത്തോടുള്ള താൽപര്യം, യുവജന-വിദ്യാർഥി പ്രക്ഷോഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം എന്നിവയായിരുന്നു ഇതിന് കാരണം. ഇതേ സമയത്ത് തന്നെയാണ് സിജെപിയുടെ രൂപീകരണവും നടക്കുന്നത്. പിന്നാലെ റാങ്ക സിജെപിയിൽ ചേർന്നു. മൂർച്ചയേറിയ സംസാരശൈലിയിലൂടെയാണ് റാങ്ക ശ്രദ്ധേയനാകുന്നത്.
ഇവരെക്കൂടാതെ മൂന്നാമതൊരാൾ കൂടി പാർട്ടിയുടെ പ്രമുഖ സ്ഥാനത്തുണ്ടായിരുന്നു. വിജേത ദഹിയ. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU) നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഒരു രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര നിർമാതാവുമാണ്.എന്നാൽ സിജെപി സമരത്തിൽ വിദ്യാർഥികൾ ലാത്തിച്ചാർജ് ഏറ്റുവാങ്ങുമ്പോൾ പാർട്ടിയുടെ വിജേത ദഹിയ പ്രതിഷേധ സ്ഥലത്തുനിന്ന് മാറി ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിലിരുന്ന് ബർഗർ കഴിക്കുന്ന വീഡിയോ പുറത്തുവന്നു. ഒരു സമരക്കാരനാവുക എന്നത് തന്റെ ജോലിയല്ലെന്നും, വിഡ്ഢികളായ ട്രോളന്മാരെ പ്രീതിപ്പെടുത്താൻ തനിക്ക് താൽപര്യമില്ലെന്നുമായിരുന്നു വീഡിയോക്ക് പിന്നാലെ ദഹിയയുടെ പ്രതികരണം. ഇതോടെ ഇദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കി.
നിലവിൽ ശക്തരായവരെത്തന്നെയാണ് സിജെപി തങ്ങളുടെ പോരാട്ടം നയിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തം. എന്നാൽ ‘പാറ്റകളുടെ’ ആവശ്യങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാട് തന്നെയായിരിക്കും പാർട്ടിയുടെ ഭാവി തെളിയിക്കുക.