assembly-protest-2
  • ഡൊമിനിക് പ്രസന്റേഷൻ, ശിവദാസൻ നായർ, എം.എ.വാഹിദ് എന്നിവർക്കെതിരായ കേസ് നേരത്തെ റദ്ദാക്കിയിരുന്നു.

നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയില്‍ എല്‍ഡിഎഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന പരാതിയിൽ യുഡിഎഫ് മുന്‍ എംഎല്‍എ എ.ടി.ജോര്‍ജ്ജിനെതിരായ കേസും റദ്ദാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ യുഡിഎഫിന്റെ നാല് എംഎല്‍എമാരും കുറ്റവിമുക്തരായി. Also Read: മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം

 

ഡൊമിനിക് പ്രസന്റേഷൻ, ശിവദാസൻ നായർ, എം.എ.വാഹിദ് എന്നിവർക്കെതിരായ കേസ് നേരത്തെ റദ്ദാക്കിയിരുന്നു. അതേസമയം, നിയമസഭ കയ്യാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ഇടത് എംഎൽഎമാർ വിചാരണ നേരിടണം. യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസിനൊപ്പം വിചാരണ നടത്തണമെന്ന് എൽഡിഎഫ് എംഎൽഎമാർ ആവശ്യപ്പെട്ടെങ്കിലും, കേസ് റദ്ദാക്കിയതിനാൽ ഹർജി അപ്രസക്തമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

എൽഡിഎഫ് നേതാക്കൾ നിയമസഭയിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശീകരണ നിയമപ്രകാരം കേസ് നിലവിലുണ്ട്. സ്പീക്കറുടെ വേദിയിലേക്ക് അതിക്രമിച്ച് കയറി കസേരകൾ, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്തതിലൂടെ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. വി. ശിവൻകുട്ടി, കെ.ടി. ജലീൽ, സി.കെ. നാണു, കെ. അജിത്, ഇ.പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ നിലവിൽ വിചാരണ നേരിടുകയാണ്.

 

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഇരു കോടതികളും ഹർജി തള്ളുകയായിരുന്നു. തുടർന്ന് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2021 ജൂലൈയിൽ സുപ്രീംകോടതിയും സർക്കാരിന്റെ അപ്പീൽ തള്ളി. ഇതോടെ കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ തുടരുകയായിരുന്നു.

ENGLISH SUMMARY:

The CPM has suffered a setback in the Kerala Assembly ruckus case. The case against former UDF MLA A.T. George, who was accused of assaulting women MLAs of the LDF inside the Assembly, has also been quashed. The High Court quashed the proceedings initiated by the Thiruvananthapuram Magistrate Court, observing that the charge of assault against women would not stand. With this, all four UDF MLAs have been acquitted.