തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. ടിവികെ അധ്യക്ഷന്‍ വിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. ടിവികെയ്ക്ക് നല്‍കാനായത് 116 പേരുടെ പിന്തുണ കത്താണ്. ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ട വിജയ് മുസ്ലീം ലീഗ്, വിസികെ പാര്‍ട്ടികളുടെ കത്ത് കൈമാറിയില്ല. ലീഗ് ടിവികെയ്ക്ക് പിന്തുണക്കത്ത് നല്‍കില്ലെന്നും വിശ്വാസവോട്ടെടുപ്പുണ്ടായാല്‍ പിന്തുണയ്ക്കുമെന്നുമാണ് വിവരം.
പിന്തുണ പ്രഖ്യാപിക്കുന്ന ചിത്രം എക്സില്‍ ഇട്ട വിസികെ, ഔദ്യോഗിക പ്രഖ്യാപനം നാളെയെന്നും കുറിച്ചു. വിലപേശലുമായി വന്ന വിസികെ ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചെന്നും സൂചനയുണ്ട്. വിസികെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ചു. നിലവില്‍ ഭൂരിപക്ഷം ഉറപ്പിക്കാത്ത സാഹചര്യത്തില്‍ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു.
കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻ വേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാല്‍ വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി.ആർലേക്കറുടെ ഓഫീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അതിനിടെ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എഎംഎംകെ നേതാവായ ടിടിവി ദിനകരൻ ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകി. തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും , അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്ന് ഗവർണറെ അറിയിക്കുന്നതിനു വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.