Image: X

Image: X

തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ. കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് എടുത്തതോടെയാണ് സത്യപ്രതിജ്ഞ പ്രതിസന്ധിയിലായത്. 118 ആണ് തമിഴ്നാട്ടിലെ മാജിക് നമ്പർ. കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എം എൽ എമാരാണ് ടി വി കെയ്ക്ക് ഉള്ളത്.

ടിവികെയ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകാമെന്ന മുൻ നിലപാടിൽ നിന്ന് അണ്ണാ ഡിഎംകെ പിൻമാറി. ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി അറിയിച്ചത്. ഇടത് പാർട്ടികളുടെ പിന്തുണ ടിവികെ തേടിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇന്ന് ഗവർണർ കേരളത്തിലേക്ക് തിരിച്ചുവരും. അതിനു മുൻപായി കേവലഭൂരിപക്ഷം തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ടി വികെ. 

അതിനിടെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നുപോകുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ നിലപാടോടെ വന്‍ പ്രതിസന്ധിയിലാണ് ടിവികെയും വിജ‌യ്‌യും.  

കുതിരക്കച്ചവടം ഭയന്ന് 15-ലധികം അണ്ണാ ഡിഎംകെ എംഎൽഎമാരെ അയൽസംസ്ഥാനമായ പുതുച്ചേരിയിലെ പ്രമുഖ റിസോർട്ടിലേക്ക് മാറ്റിയതായാണ് വിവരം. പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം ആണ് എംഎൽഎമാരെ മാറ്റുന്നതിന് നേതൃത്വം നൽകുന്നത്. പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ എന്ന റിസോർട്ടിൽ 20-ലധികം മുറികളാണ് പാർട്ടി ബുക്ക് ചെയ്തിരിക്കുന്നത്.

നിർണ്ണായകമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ എംഎൽഎമാരെ മറ്റ് പാർട്ടികൾ സ്വാധീനിക്കാതിരിക്കാനും ഐക്യം നിലനിർത്താനുമാണ് അണ്ണാ ഡിഎംകെ ഈ നീക്കം നടത്തുന്നത്. കൂടുതൽ എംഎൽഎമാർ വൈകാതെ തന്നെ റിസോർട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാർ രൂപീകരണത്തിൽ വ്യക്തത വരുന്നത് വരെ തങ്ങളുടെ പക്ഷത്തുള്ളവർ കൂറുമാറില്ലെന്ന് ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം.

ഇതിനിടെ വിജയ്‍യെ പ്രതിപക്ഷത്തിരുത്താനുള്ള നീക്കം ഡിഎംകെയുടെ നേതൃത്വത്തില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബദ്ധവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൈകോര്‍ക്കാന്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. 

നിലവില്‍ ഡിഎംകെയ്ക്ക് 59 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 അംഗങ്ങളുമാണുള്ളത്. ഇരുവര്‍ക്കും കൂടി 106സീറ്റുമാത്രമേ കിട്ടുന്നുള്ളൂ. ഡിഎംകെ ഘടകക്ഷികളായ വിസികെ, ഇടതുപാര്‍ട്ടികള്‍, ഡിഎംഡികെ തുടങ്ങിയവയും അണ്ണാ ഡിഎംകെ ഘടകക്ഷികളായ പിഎംകെ, അമ്മ മക്കള്‍ മുന്നേറ്റ കഴകം, എന്നിവയും ചേര്‍ന്നാല്‍ മാത്രമേ ഭൂരിപക്ഷത്തിനുള്ള 118സീറ്റ് ലഭിക്കൂ.

അതേസമയം ബിജെപി ബന്ധം അണ്ണാഡിഎംകെ ഉപേക്ഷിക്കാതെ ഡിഎംകെ സഖ്യകക്ഷികള്‍ ഈ നീക്കത്തിനു കൈ കൊടുക്കാനിടയില്ലെന്നാണ് സൂചന. സഖ്യം യാഥാര്‍ഥ്യമായാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദം ഇരുകക്ഷികളും പങ്കിടാനാണ് ആലോചന. എന്നാല്‍ ചര്‍ച്ച നടക്കുന്നതായുള്ള വാര്‍ത്തകള്‍ ഡിഎംകെ നിഷേധിച്ചു. 

Tamil Nadu Government Formation Hits Roadblock:

Tamil Nadu government formation is facing uncertainty due to the Governor's stance on not permitting government formation without a clear majority. Political parties are engaged in intense efforts and strategic moves, including resort politics, to secure the necessary numbers.