DamMullapperiyar

ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും സജീവമാകുകയാണ്. തമിഴ്നാട്ടിലെ വിജയ്സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ  പരാമര്‍ശമാണ് മുല്ലപ്പെരിയാര്‍ ഡാമിനെ വീണ്ടും ലൈംലൈറ്റിലേക്ക് എത്തിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ അനുവദിക്കില്ലെന്നും 2014ലെ  സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ജലനിരപ്പ് 142 മുതല്‍ 152 വരെ ആക്കുമെന്നും അറ്റകുറ്റപ്പണി നടത്തി ഡാമിനെ ബലപ്പെടുത്തുമെന്നാണ് ടിവികെ സര്‍ക്കാരിന്റെ പ്രഖ്യാപനം. മുല്ലപ്പെരിയാര്‍ വിഷയം പുതിയ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പിറ്റേന്നാണ് തമിഴ്നാടിന്റെ നിലപാട് പറച്ചില്‍. മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാരുകളുടെ അതേ നയമാണ് ഇക്കാര്യത്തില്‍ ടിവികെയും പിന്തുടര്‍ന്നത്. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളുടെ ജീവനാഡിയാണ് മുല്ലപെരിയാര്‍ ഡാമില്‍നിന്ന് ലഭിക്കുന്ന ജലം. അതുകൊണ്ട് അറ്റകുറ്റപ്പണി നടത്തി  ഡാമിന്റെ ബലക്ഷയം മാറ്റുമെന്നാണ് ടിവികെയുടെ ഉറപ്പ്. 

സുപ്രീം കോടതി നിലപാട് തമിഴ്നാടിന് അനുകൂലമാണെന്നതിനാല്‍  കേരളത്തിന്റെ പുതിയ ഡാമെന്ന ആവശ്യം ഏറെക്കുറെ പരുങ്ങലിലായ അവസ്ഥയിലാണ്.  മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള പൊരുത്തക്കേടുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ബ്രിട്ടിഷ് ഭരണകാലത്ത് 1887നും 1895 നും ഇടയിലാണ് മുല്ലപ്പെരിയാര്‍ ഡാം നിര്‍മിക്കുന്നത്. 1895 ല്‍ ആണ് ഡാമിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സുരക്ഷ ആശങ്കകളെ തുടര്‍ന്ന് 1979 ല്‍ കേന്ദ്ര ജലകമ്മിഷന്‍ അധ്യക്ഷനായിരുന്ന കെ.സി തോമസിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഡാമിന്റെ ജലനിരപ്പ് 152 അടിയില്‍നിന്ന് 136 അടിയാക്കി. 2000 –2006 തമിഴ്നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സുപ്രീംകോടതി ഇടപെട്ട് തമിഴ്നാടിന് 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താമെന്ന് ഉത്തരവിട്ടു.  ഇതേ തുടര്‍ന്ന് 2006 ല്‍ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ഭേദഗതി ചെയ്ത് മുല്ലപ്പെരിയാറിനെ സുരക്ഷ ഭീഷണി നേരിടുന്ന അണക്കെട്ടായി പ്രഖ്യാപിച്ചു. 136 അടിയായി ജലനിരപ്പ് പരിമിതപ്പെടുത്തി. പിറ്റേവര്‍ഷം പുതിയ ഡാം നിര്‍മിക്കാനുള്ള നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഈ നീക്കത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. 2010 ല്‍ ഡാം സുരക്ഷയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി ഒരു സമിതിയെ നിയമിച്ചു. 2012 ല്‍ ഡാം സുരക്ഷിതമാണെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടില്‍ കേരളം കേന്ദ്ര ഇടപെടല്‍ തേടി. 

പുതിയ ഡാം വേണമെന്ന ആവശ്യവും കേന്ദ്രത്തോട് ഉന്നയിച്ചു. പക്ഷെ കനത്ത തിരിച്ചടിയാണ് പിന്നീട് കേരളത്തിനുണ്ടായത്. 2014 ല്‍ കേസില്‍ വീണ്ടും ഇടപെട്ട സുപ്രീംകോടതി കേരളം പാസ്സാക്കിയ 2006ലെ കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് റദ്ദാക്കി. തമിഴ്നാടിന്  ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താമെന്ന് വീണ്ടും ഉത്തരവിട്ടു. ഡാം കൂടുതല്‍ ബലപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാല്‍ 152 അടിവരെയും ജലനിരപ്പ് ഉയര്‍ത്താമെന്നും കോടതി അറിയിച്ചു.  ഡാം സുരക്ഷ പരിശോധിക്കാന്‍ മറ്റൊരു സമിതിയെയും നിയമിച്ചു. 2021 ല്‍ ജലനിരപ്പ് 136 അടിയാക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിലപാട് മാറ്റാന്‍ അന്നും തമിഴ്നാട് തയാറായില്ല. നിലവില്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിയും കേന്ദ്ര ജലകമ്മിഷനുമാണ് ഡാമുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ സുപ്രീംകോടതി നിയോഗിച്ച  മേല്‍നോട്ട സമിതികള്‍ പരിശോധന നടത്തുന്നുണ്ട്. 50 വര്‍ഷത്തെ ആയുസ് പ്രഖ്യാപിച്ച നിര്‍മിച്ച മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ 130 വയസ് പിന്നിട്ട് നില്‍ക്കുകയാണ്.

ENGLISH SUMMARY:

Mullaperiyar dam issue is once again active with the Tamil Nadu government's policy announcement. The Tamil Nadu government has stated they will not allow a new dam and will raise the water level to 152 feet as per the 2014 Supreme Court order, while strengthening the existing dam.