തമിഴ്നാട് നിയമസഭയില്‍ ഇനി ആദ്യം ഉയരുക 'തമിഴ് തായ് വാഴ്ത്ത്'. സഭാനടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ ദേശീയഗാനവും മുഴങ്ങും. കാലങ്ങളായി തുടര്‍ന്ന് വന്ന രീതി വിജയ് സര്‍ക്കാരും പിന്തുടരും. മേയ് പത്തിന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 'തമിഴ് തായ് വാഴ്ത്തി'നെ തഴഞ്ഞുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 'തെറ്റു തിരുത്തലു'ണ്ടായത്. വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനത്തില്‍ ഇത്തരത്തിലാണ് സഭാനടപടി ആരംഭിച്ചത്. ഇത് തന്നെയായിരുന്നു പതിറ്റാണ്ടുകളായി തമിഴ്നാട്ടിലെ രീതിയും.
തമിഴ്നാട് സര്‍ക്കാരിന്‍റെ ഔദ്യോഗിക ചടങ്ങുകളും കാലങ്ങളായി തമിഴ് തായ് വാഴ്ത്തോടെയാണ് ആരംഭിച്ചിരുന്നത്. അവസാനിക്കുമ്പോള്‍ ദേശീയഗാനവും ഉയരും. ഇതില്‍ നിന്ന് വ്യത്യസ്തമായ രീതി ടിവികെയുടെ സത്യപ്രതിജ്ഞയില്‍ അവലംബിച്ചത് സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്‍റെയും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരത്തിന്‍റെ ആറ് ചരണങ്ങളും പാടിയതും പ്രതിഷേധത്തിനിടയാക്കി.'തമിഴ്തായ് വാഴ്ത്തിനെ മൂന്നാമതാക്കിയതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ തുറന്നടിച്ചത്. വിസികെയും കോണ്‍ഗ്രസും എതിര്‍പ്പുന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഡിഎംകെയാവട്ടെ വിമര്‍ശനം അല്‍പം കൂടി കടുപ്പിച്ചു. ഗവര്‍ണര്‍ വന്ദേമാതരം പാടണമെന്ന് പറഞ്ഞപ്പോള്‍ എതിര്‍പ്പില്ലാതെ മുഴുവന്‍ അനുവദിച്ച വിജയ്യുടെ നടപടി ശരിയല്ലെന്നും വിജയ് ബിജെപിയോട് അടുക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണിതെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ ആരോപിച്ചിരുന്നു. ഇതോടെ ടിവികെ നേതാവും മന്ത്രിയുമായ ആദവ് അര്‍ജുന വിശദീകരണം നല്‍കി. രാജ്ഭവനെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പ്രതിഷേധം അറിയിച്ചതായും ആദവ് വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചേ നടത്താനാകൂവെന്നായിരുന്നു വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ രാജ്ഭവന്‍റെ വിശദീകരണം.
ENGLISH SUMMARY:
The newly formed TVK government led by Chief Minister Vijay has officially restored the decades-old legislative protocol by commencing the Tamil Nadu state assembly proceedings with the state anthem, "Tamil Thai Vazhthu." Under this reinstated system, the house sessions will kick off with the state song and conclude with the National Anthem, maintaining the traditional practice followed by successive state governments. This course correction comes immediately after the administration faced severe political backlash for allegedly sidelining the state anthem during Chief Minister Vijay's swearing-in ceremony on May 10. Opposition parties, including the DMK, and ruling alliance partners like the CPI, Congress, and VCK had openly condemned the inclusion of six verses of "Vande Mataram" while pushing the Tamil anthem down the order. Senior DMK leaders even accused Vijay of bowing to Raj Bhavan's pressure tactics and aligning with the BJP's ideological narratives by altering the standard protocol. In response to the growing unrest, TVK leader and minister Aadhav Arjuna clarified that the administration had formally registered its protest with the Governor's office regarding the inaugural event's oversight before permanently cementing the traditional order in the legislative assembly.