ധ്യാന്‍ ശ്രീനിവാസന്‍റെ മുഖ്യമന്ത്രി പരാമര്‍ശം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. താന്‍ സിഎം ആകുമ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നവ്യ നായര്‍ വരണമെന്നും സദസില്‍ മുന്‍നിരയിലെ സീറ്റിലിരുന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് കണ്ണു നിറയണമെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃഷ വന്നതുമായി ഇതിനെ ബന്ധപ്പെടുത്തിയാണ് പലരും ട്രോള്‍ വിഡിയോ ഷെയര്‍ ചെയ്തത്. ഇത് മലയാളത്തില്‍ വൈറലായി ദിവസങ്ങള്‍ക്കം തമിഴ്നാട്ടുകാരും ഏറ്റെടുക്കുകയും താരത്തിന് നേരെ കടുത്ത സൈബര്‍ അറ്റാക്ക് നടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതാദ്യമായല്ല ധ്യാന്‍ ഈ തമാശ പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെ പറ്റി ധ്യാന്‍ നടത്തിയ ഒരു പരാമര്‍ശം വീണ്ടും എയറിലായിരിക്കുകയാണ്. ഒരു അവാര്‍ഡ് ചടങ്ങില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയാല്‍ ധ്യാന്‍ ആദ്യം ചെയ്യുന്ന കാര്യം എന്താണ് എന്ന അവതാരകയുടെ ചോദ്യത്തിനുള്ള താരത്തിന്‍റെ മറുപടിയാണ് വീണ്ടും എയറിലായിരിക്കുന്നത്.
'ഞാന്‍ അമ്മയുടെ പ്രസിഡന്‍റാവാന്‍ നിക്കുകയാണ്. അതിനുശേഷമേ മുഖ്യമന്ത്രി ആകൂ. ആദ്യം പ്രസിഡന്‍റാവും. അത് കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫ് വിജയ് എന്‍ഡ്രും നാന്‍ എന്ന് പറഞ്ഞ് വരും. പുള്ളി ചെയ്തതൊന്നും ഞാന്‍ ചെയ്യില്ല അതൊക്കെ മോശമാണ്,' എന്നാണ് ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇപ്പോള്‍ ഈ വിഡിയോയും തമിഴന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയെ കളിയാക്കുന്നത് ധ്യാന്‍ നിര്‍ത്തുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ ധ്യാനിനെ കുറ്റപ്പെടുത്തുന്നത്. മിണ്ടാതിരിക്കുന്നതാണ് ധ്യാനിന് നല്ലതെന്നും പരിധി വിട്ട് സംസാരിക്കരുതെന്നും ആരാധകര്‍ ഓര്‍മിപ്പിച്ചു.
തമിഴ്‌നാട്ടില്‍ കത്തി ധ്യാനിന്റെ സിഎം ട്രോള്‍; പ്രതിഷേധവുമായി വിജയ് ഫാന്‍സ്
നേരത്തെ വൈറലായ ധ്യാന്‍ ശ്രീനിവാസന്റെ സിഎം ട്രോള്‍ തമിഴകത്തും ട്രെന്‍ഡിങ്ങായിരുന്നു. നിരവധി തമിഴ് ഓണ്‍ലൈന്‍ ചാനലുകള്‍ ധ്യാന്റെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തതോടെ സിഎം ട്രോള്‍ തമിഴ് നാട്ടിലും വൈറലായി. എക്സിലും ഇന്‍സ്റ്റഗ്രാമിലും ധ്യാനിന്റെ ട്രോളിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുടെ പെരുമഴയായിരുന്നു.