സിനിമകളിലൂടെ മാത്രമല്ല, ഓഫ് സ്ക്രീന്‍ തമാശകളിലൂടെയും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോളിതാ തന്റെ പുതിയ ചിത്രമായ 'വിസിറ്റർ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയുള്ള ധ്യാനിന്‍റെ ഒരു തമാശയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തമാശയൊക്കെ തന്നെ എന്നാല്‍ അത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ ട്രോളിയതാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.
നവ്യ നായരും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് 'വിസിറ്റർ'. പ്രമോഷന്‍ പരിപാടിക്കിടെ തന്റെ 'ഇന്ർർവ്യൂ ജീവിതം' തുടങ്ങുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞുകൊണ്ടാണെന്ന് ധ്യാന്‍ പറഞ്ഞു. ‘അതിനു ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ പ്രായമുള്ള മകനായി, എന്നിട്ടാണ് ഞങ്ങൾ അവസാനം ഒരുമിക്കുന്നത്. എന്നാൽ പോലും ഞാൻ പറയുന്നു, ഞാൻ സിഎം ആയി സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം സാരിയുടുത്ത് ഫ്രണ്ട് റോയിൽ കണ്ണുനിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു’ എന്നായിരുന്നു ധ്യാനിന്റെ പരാമര്‍ശം. അമ്മയുടെ പ്രസിഡന്‍റാകുമ്പോളല്ല, സിഎം ആകുമ്പോള്‍ മതിയെന്നും ധ്യാന്‍ തമാശ രൂപേണ പറഞ്ഞു.
ധ്യാനിന്റെ ഈ തമാശ സദസ്സിലാകെ ചിരിപടർത്തുകയും ചെയ്തു. തുടർന്ന് സംസാരിച്ച നവ്യ നായരും ആ തമാശയ്ക്കൊപ്പം ചേർന്നു. ‘പേടിക്കേണ്ട ധ്യാൻ. ധ്യാൻ, സിഎം ആവുമ്പോൾ ധ്യാൻ ഉദ്ദേശിക്കുന്ന പോലെ വെള്ളയിൽ പച്ചക്കളർ ബോർഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണിൽ ഈറനണിഞ്ഞ് ധ്യാനിനു വേണ്ടി ജയ് വിളിക്കാൻ മുൻനിരയിൽ എനിക്കൊരു കസേര ഒഴിച്ചിട്ട് ഉണ്ടാവില്ലേ ധ്യാൻ?’- എന്നായിരുന്നു നവ്യയുടെ മറുപടി.
ധ്യാൻ നവ്യയുടെ പേര് മാത്രമാണ് പരാമർശിച്ചതെങ്കിലും, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ഈ പരാമർശത്തിന് ബന്ധമില്ലേ എന്നാണ് സോഷ്യൽ മീഡിയ അന്വേഷിച്ചത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടന്റെ മാതാപിതാക്കൾക്കൊപ്പം നടി തൃഷയും എത്തിയിരുന്നു. തൃഷ മുൻനിരയിൽ ഇരിക്കുന്നതും, വിജയ് സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ തൃഷ വികാരാധീനയാകുന്നതുമായ ദൃശ്യങ്ങള്‍ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തെ ധ്യാന്‍ ട്രോളിയതാണോ അല്ലെങ്കിൽ ഒരു തമാശ പോലെ പറഞ്ഞുപോയതാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.