Image: instagram.com/k_unnikannan_vijayfan/

Image: instagram.com/k_unnikannan_vijayfan/

നടന്‍ വിജയ്‌യെ നേരിട്ട് കാണണമെന്ന വലിയ ആഗ്രഹവുമായി പാലക്കാട് നിന്ന് കാൽനടയായി ചെന്നൈയിലേക്ക് യാത്രതിരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ആരാധകനാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം (കെ.ഉണ്ണിക്കണ്ണൻ). വിജയ്‌യെ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ സെറ്റിൽ വെച്ച് നേരിൽ കണ്ടെന്നും ഒന്നിച്ചു ഫോട്ടോ എടുത്തു എന്നും ഉണ്ണിക്കണ്ണൻ മുമ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും, ഫോട്ടോ പുറത്തുവിടാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോളിതാ ട്രോളന്മാർക്ക് മറുപടിയുമായി വിജയ്‌ക്കൊപ്പമുള്ള തന്‍റെ സ്വപ്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിക്കണ്ണൻ.

എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ്‌ ചിത്രം 'ജനനായകന്‍റെ’ സെറ്റിൽ വെച്ചാണ് ഉണ്ണിക്കണ്ണൻ താരത്തെ കണ്ടത്. ചിത്രത്തിലെ നിർണ്ണായകമായ ഒരു ഫൈറ്റ് സ്വീക്വൻസിന്‍റെ ഷൂട്ടിങിന് ശേഷം എടുത്ത ഫോട്ടോയാണ് ഉണ്ണിക്കണ്ണൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘തോൽക്കുന്നവനേ ജയിക്കുകയുള്ളൂ... തലവര മാറ്റിയ ദളപതി’ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. പോസ്റ്റ് വന്ന് മിനിറ്റുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗമായി മാറി. മമിത ബൈജു ഉള്‍പ്പെടെയുള്ളവര്‍ ആശംസകൾ നേർന്ന് കമന്‍റുമായി എത്തുകയും ചെയ്തിട്ടുണ്ട്. ചന്തു സലീം കുമാർ അടക്കമുള്ളവര്‍ പോസ്റ്റ് സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്.

വിജയ്‌ക്കൊപ്പം ഫോട്ടോ എടുത്തെങ്കിലും ആ ചിത്രം തന്‍റെ കൈയ്യിൽ എത്തിച്ചേരാൻ ഒട്ടേറെ പ്രതിസന്ധികൾ മുന്‍പില്‍ ഉണ്ടായിരുന്നുവെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. പിന്നീട് ഈ ചിത്രം തന്‍റെ കയ്യിലെത്താന്‍ സഹായിച്ചത് മലയാളത്തിലെ യുവതാരങ്ങളാണ്.  ചിത്രം കിട്ടാന്‍ ചന്തു സലീം കുമാറും  കല്യാണി പ്രിയദർശനും  സഹായിച്ചു. ചന്തുവാണ് വിഷയത്തിൽ ഇടപെട്ട് കല്യാണി വഴി വിജയ്‌യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ചിത്രം ഉണ്ണിക്കണ്ണന് എത്തിച്ചു നൽകിയത്. ഇതിനായി കഷ്ടപ്പെട്ട ചന്തുവിനും കല്യാണിക്കും മമിത ബൈജുവിനും പ്രത്യേക നന്ദി പറഞ്ഞുകൊണ്ടുള്ള വിഡിയോയും ഉണ്ണിക്കണ്ണൻ പങ്കുവെച്ചിട്ടുണ്ട്.

2025 ജനുവരിയിലാണ് ഉണ്ണിക്കണ്ണൻ വിജയ്‌യെ കാണാനായി വീട്ടിൽ നിന്നും കാൽനടയായി ചെന്നൈയിലേക്ക് ഇറങ്ങിത്തിരിച്ചത്. ‘ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാൽ അത് അത്ര എളുപ്പത്തിൽ നേടാനാകില്ല. കഠിനമായി പ്രയത്നിച്ചാൽ മാത്രമേ ലക്ഷ്യത്തിലെത്താനാവൂ’ എന്നായിരുന്നു അന്ന് തമിഴ് മാധ്യമങ്ങളോട് ഉൾപ്പെടെ ഉണ്ണിക്കണ്ണൻ പറഞ്ഞത്. കിലോമീറ്ററുകള്‍ താണ്ടി ഒടുവിൽ ഷൂട്ടിങ് സെറ്റിലെത്തി പ്രിയതാരത്തെ കണ്ടു മടങ്ങിയെങ്കിലും, ചിത്രം കയ്യിൽ കിട്ടാൻ നീണ്ട കാത്തിരിപ്പ് തന്നെ വേണ്ടിവന്നു.

ENGLISH SUMMARY:

Unnikannan, a dedicated Vijay fan from Palakkad who walked all the way to Chennai to meet his idol, faced heavy online trolling for previously failing to share photographic proof. Putting an end to the critics, he has now officially shared his dream photo with the actor from the sets of H. Vinoth's directorial film Jananayakan. The picture finally reached him with the crucial assistance of young Malayalam actors Chandu Salim Kumar and Kalyani Priyadarshan. The heartwarming post has since gone viral on social media, drawing warm congratulatory messages from several film celebrities, including Mamitha Baiju.