പാലക്കാട് സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടി ഓഫിസില്‍ ഇരുന്നുള്ള നേതാക്കളുടെ പരസ്യ മദ്യപാനം. മുതലമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബ്രിജേഷും സംഘവും ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വച്ച് പരസ്യമായി മദ്യപിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് കയ്യോടെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ബിജേഷും സംഘവും ഓഫിസില്‍ ഇരുന്ന് മദ്യപിക്കുന്ന വിവരം അറിഞ്ഞ് പാര്‍ട്ടി നേതാക്കള്‍ ഇവിടേക്ക് എത്തുകയായിരുന്നു.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഏരിയ കമ്മിറ്റി അംഗവുമായ കെ.സിയാവുദ്ദീനും മുതലമട പഞ്ചായത്ത് അംഗമായ ലോക്കല്‍ കമ്മിറ്റി അംഗം കെ.വിനേഷും ഉള്‍പ്പെടുന്ന നേതാക്കള്‍ എത്തി മദ്യപാനം കയ്യോടെ പൊക്കി. മദ്യപിച്ചുകൊണ്ടിരിക്കെ കസേരയില്‍ നിന്ന് എഴുന്നേറ്റ ബ്രിജേഷ് നേതാക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നേരത്തെയും ലോക്കല്‍ കമ്മിറ്റി ഓഫിസ് സ്ഥിരം മദ്യപാന സദസാകുന്നുണ്ടെന്ന വിവരം നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ കയ്യോടെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ പാര്‍ട്ടി നടപടിയും വന്നു. ഏരിയ കമ്മിറ്റി നേതാക്കളും ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
ബ്രിജേഷിനെ കൂടാതെ മദ്യപാന സദസില്‍ ഉള്‍പ്പെട്ട സൂര്യപ്രകാശ്, റഷീദ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറി വി.ചെന്താമരാക്ഷന്‍ ഇടപെട്ടാണ് പൊടുന്നനെയുള്ള നടപടി. അതേസമയം, മദ്യപാന സീന്‍ പുറത്തുവന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയും പ്രകടമാണ്. പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്‍റെ അനുകൂലിയാണ് ബ്രിജേഷ്.
സുരേഷ് ബാബു വിരുദ്ധ ഗ്രൂപ്പ് ബ്രിജേഷിനെയും സംഘത്തെയും പൂട്ടാന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. അനുകൂല അവസരത്തില്‍ മദ്യപാനം പൊക്കി അത് ചര്‍ച്ചയാക്കുകയും ചെയ്തു. അതേസമയം, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും വിധം മദ്യപാന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
അതേസമയം, പാലക്കാട് മുതലമട സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപിച്ച സംഭവത്തിൽ നടപടി. ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബ്രിജേഷിന് പുറമെ സൂര്യപ്രകാശ്, റഷീദ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഓഫീസിനുള്ളിൽ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.