ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തമിഴ്നാട്ടിലെ സര്‍ക്കാര്‍ രൂപീകരണം ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാകുന്നു. വിജയ്‍യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്കിടെ കോണ്‍ഗ്രസിനെ ഒറ്റുകാരെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ഡിഎംകെ സഖ്യത്തില്‍ മല്‍സരിച്ച് ജയിച്ച ചെറുകക്ഷികളെ ടിവികെ ബന്ധപ്പെടുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
കോണ്‍ഗ്രസിന്‍റെ തീരുമാനം മണ്ടത്തരമെന്നും ചിലരുടെ ഈഗോ തൃപ്തിപ്പെടുത്താനുള്ളതാണെന്നും ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയത് സ്റ്റാലിനാണെന്നും 2024 ല്‍ രാഹുലിന്‍റെ ഗ്രാഫുയര്‍ന്നത് കണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അഞ്ചു സീറ്റ് ലഭിക്കാന്‍ കാരണം ഡിഎംകെ ഗ്രൗണ്ടില്‍ പണിയെടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യത്തിന്‍റെ ഭാഗമാണെന്നും എന്നാല്‍ ജനം തിരസ്കരിച്ച സര്‍ക്കാരില്‍ തങ്ങള്‍ ഭാഗമായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോര്‍ എം.പി പറഞ്ഞു.
കോണ്‍ഗ്രസിനെ കൂടാതെ രണ്ട് സീറ്റ് വീതമുള്ള സിപിഎം, സിപിഐ, വിടുതലൈ ചിരുതൈകൾ കക്ഷി(വിസികെ) എന്നിവരും ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാണ്. ഇതില്‍ ലീഗ് ഡിഎംകെ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി. പിന്തുണ തേടി ടിവികെ വിസികെ നേതാവ് തോൽ തിരുമാവളന് കത്തയച്ചു. ഇതില്‍ പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്തുണ തീരുമാനിക്കാന്‍ സിപിഐയും സിപിഎമ്മും രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരും.
കോണ്‍ഗ്രസ് തീരുമാനം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള പാര്‍ട്ടികളുടെ തീരുമാനത്തെയും സ്വാധീനിക്കുമെന്നും ഡിഎംകെ പറഞ്ഞു. 'തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിനുള്ളിൽ തന്നെ കോൺഗ്രസ് ഇത്രയധികം വിശ്വസിക്കാൻ കൊള്ളാത്തവരായി. ജനവിധിക്കെതിരെ പരസ്യമായി രംഗത്തിറങ്ങി. ഇത് അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയവരുടെ മനസിൽ എന്ത് പ്രത്യാഘാതമാകും ഉണ്ടാക്കുക? എന്നാണ് ശരവണന്‍ ചോദിച്ചത്. കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് അന്ത്യമാകുമോ എന്ന ചോദ്യത്തിന് ഞങ്ങൾ ഒരിക്കലും കോൺഗ്രസിനെ കൈവിട്ടിട്ടില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഭരണപങ്കാളിത്തത്തെ ചൊല്ലി ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ടിവികെ മന്ത്രിസഭയില്‍ രണ്ടു മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സൂചന.