തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം ദുര്‍ബലമാകുന്നു. സഖ്യത്തില്‍നിന്ന് വിടുന്നെന്ന് മുസ്‍‌ലിം ലീഗ് അടക്കം പാര്‍ട്ടികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഡിഎംകെ ഏതാണ്ട് ഒറ്റപ്പെട്ടനിലയിലായി. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുമ്പോള്‍ ചെറുതും വലുതുമടക്കം ഇരുപത്തിനാലിലേറെ പാര്‍ട്ടികള്‍ ഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, മേയ് നാലിന് ഫലം വന്നപ്പോള്‍ കഥമാറി. 

ഇന്ത്യയെ മൊത്തം വിസ്മയിപ്പിച്ച് ടിവികെയുടെ അട്ടിമറി. വിജയ്‌യുടെ രണ്ട് സീറ്റ് ഉള്‍പ്പടെ 108 സീറ്റോടെ ടിവികെ വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ ഭരണത്തിനൊപ്പം സഖ്യകക്ഷികളും ഡിഎംകെയെ കൈവിട്ടു. ആദ്യം മറുകണ്ടം ചാടിയ കോണ്‍ഗ്രസും പിന്നാലെ ടിവികെയ്ക്ക് പിന്തുണയുമായി ചെന്ന ഇടത് പാര്‍ട്ടികളും വിസികെയും മുസ്‌ലിം ലീഗും ഡിഎംകെ സഖ്യത്തിന്റെ നെടും തൂണുകളായിരുന്നു. ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവര്‍ ക്രമേണ അകത്തേക്ക് കയറിയപ്പോള്‍ ഡിഎംകെ സഖ്യവും ശോഷിച്ചു. 

ടിവികെ മന്ത്രിസഭയില്‍ അംഗമായി കഴിഞ്ഞാണെങ്കിലും സഖ്യമുപേക്ഷിച്ചെന്ന ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിഎംകെയ്ക്ക് ഏറ്റ അടിയാണ്. ഏക എംഎല്‍എയുള്ള പ്രേമലത വിജയകാന്തിന്റെ ഡിഎംഡികെയും രണ്ട് എംഎല്‍എമാരുള്ള വൈക്കോയുടെ എംഡിഎംകെയും മാത്രമാണ് നിലവില്‍ സഖ്യത്തില്‍ അവശേഷിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍. ഡിഎംകെ ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ചതിനാല്‍ വൈക്കോ ക്യാംപിലെ എംഎല്‍എമാര്‍ ഉടനേ ടിവികെയുമായി സഖ്യം ചേരാന്‍ മുതിര്‍ന്നേക്കില്ല. എന്നാല്‍, മുന്നണി വിടുമോ എന്നതില്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നായിരുന്നു വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈക്കോ പറഞ്ഞത്. എംഎല്‍എമാരില്ലെങ്കിലും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡിഎംകെയ്ക്കൊപ്പമുണ്ട്. അണ്ണാ ഡിഎംകെ അടക്കമുള്ള ദ്രാവിഡ പാര്‍ട്ടികള്‍ക്ക് കാലിടറുമ്പോള്‍ കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാനാകും ഇനി ഡിഎംകെ ശ്രമം.