തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദ്രാവിഡ രാഷ്ട്രീയത്തെ ഞെട്ടിച്ച വിജയമാണ് ടിവികെ കാഴ്ച വച്ചത്. 107 സീറ്റിലെ വിജയവുമായി കന്നിയങ്കത്തില്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറി. വിജയ് ആകട്ടെ മല്‍സരിച്ച രണ്ട് സീറ്റിലും വിജയിച്ചു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലും. ഡിഎംകെയുടെ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റുകളാണ് ഇവ. ഫലം പൂര്‍ണമായും പുറത്തുവന്നതോടെ ഇനി തമിഴകം ഉറ്റുനോക്കുന്നത് ഒരു ഉപതിരഞ്ഞെടുപ്പിലേക്കാണ്. പേരമ്പൂരിലും ട്രിച്ചിയിയും വിജയിച്ച സ്ഥിതിക്ക് ഏതെങ്കിലും ഒരു എംഎല്‍എ സ്ഥാനം വിജയ് രാജിവച്ചേ മതിയാകൂ. ഏതായിരിക്കും ആ സീറ്റ്? ആരായിരിക്കും അവിടെ വിജയ്‌യുടെ പിന്‍ഗാമിയായെത്തുക?
ട്രിച്ചിയിലും പേരമ്പൂരിലും വിജയ് സ്ഥാനാര്‍ഥിയായത് തന്നെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിലാണ്. ജയിക്കാന്‍ വലിയ ശ്രമം നടത്തേണ്ടി വരുമെന്ന് ഉറപ്പിച്ച രണ്ട് സീറ്റുകളായിരുന്നു ഇത്. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്നായിരുന്നു ആദ്യം മുതലേ ഇവിടെ ടിവികെ പ്രതീക്ഷ. ആ വിശ്വാസം രക്ഷിച്ചു എന്ന് മാത്രമല്ല, ഇരുപത്തി ഏഴായിരത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയ് വിജയിച്ചു.
എന്നാല്‍ പേരമ്പൂരില്‍ ജനപ്രീതി വോട്ടായി മാറുമെന്നായിരുന്നു ടിവികെ പ്രതീക്ഷ. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ജയിച്ച് കാണിച്ച മണ്ഡലമാണിത്. എങ്കിലും 2019 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ ഡി.എം.കെയുടെ കയ്യിലായിരുന്നു പെരമ്പൂര്‍ സീറ്റ്. ഈ സീറ്റില്‍ അര ലക്ഷത്തോളെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് വിജയ്ക്കുള്ളത്. ഈ മണ്ഡലങ്ങളില്‍ ഏത് മണ്ഡലം വിജയ് കൈവിടും എന്നതാണ് ചര്‍ച്ച. പതിനാല് ദിവസത്തിനകം വിജയ് ഏതെങ്കിലും സീറ്റ് രാജി വയ്ക്കുകയും വേണം.
ഇത് സംബന്ധിച്ച് ടിവികെയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല, എങ്കിലും ഒന്നിലധികം തമിഴ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം വിജയ് പെരമ്പൂർ നിലനിർത്താനാണ് സാധ്യത. അങ്ങിനെയെങ്കില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റിൽ നിന്ന് രാജിവയ്ക്കും. ട്രിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് വരും. വിജയ് രാജി വയ്ക്കുന്ന സീറ്റ് മാത്രമല്ല, ആരാകും അവിടെ സ്ഥാനാര്‍ഥി എന്നും തമിഴകത്ത് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വിജയ് മത്സരിച്ച് ജയിച്ച ട്രിച്ചി ഈസ്റ്റിലും പെരമ്പൂരിലും വീണ്ടും ജയം ഉറപ്പ് തന്നെയാണെന്നാണ് ടിവികെയുടെ കണക്കൂകൂട്ടല്‍.
നിലവിലെ സാഹചര്യങ്ങളില്‍ നടി തൃഷ ഉപതിരഞ്ഞെടുപ്പിൽ ട്രിച്ചി ഈസ്റ്റിൽ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതും ടിവികെ ടിക്കറ്റിൽ. എന്നിരുന്നാലും ഇവയൊന്നും സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളല്ല. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വിജയ്‌യുടെ ടിവികെ ലീഡ് നേടി തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചപ്പോള്‍ അഭിനന്ദനങ്ങളുമായി തൃഷ വിജയ്‌യുടെ വീട്ടിലെത്തിയിരുന്നു. നീലാങ്കരയിലെ വീട്ടിലെത്തിയാണ് തൃഷ വിജയ്യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ് തമിഴകത്ത് വോട്ടെണ്ണല്‍ നടന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, തൃഷയുടെ ഒരു പഴയ അഭിമുഖവും ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്. തൃഷയുടെ സിനിമാ ജീവിതം ആരംഭ കാലത്തുള്ള വിഡിയോയാണിത്. തൃഷയോട് ആഗ്രഹം ചോദിക്കുമ്പോള്‍ ‘അടുത്ത പത്ത് വർഷത്തിനുള്ളിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നു’ എന്ന് താരം തമാശയായി പറയുന്നതാണ് വിഡിയോ. ‘എനിക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകണം. അടുത്ത 10 വർഷത്തിനുള്ളിൽ ഞാൻ അത് നേടും’ എന്നാണ് തൃഷ ഇന്‍റര്‍വ്യൂവില്‍ പറയുന്നത്. മുഖ്യമന്ത്രിയായ ശേഷം എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ ‘ആദ്യം, നിങ്ങളെല്ലാവരും വോട്ട് ചെയ്ത് എന്നെ തിരഞ്ഞെടുക്കൂ, പിന്നെ ഞാൻ പറയാം!’ എന്നായിരുന്നു മറുപടി.
ALSO READ: തമിഴകത്ത് ടിവികെ സര്‍ക്കാര്‍ ഉണ്ടാക്കുമോ? ആരുമായി കൈകോര്‍ക്കും? സാധ്യത ഇങ്ങനെ ...
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഇത് ആയുധമാക്കി. പിന്നാലെ ഇരുവരും ഒരു വിവാഹചടങ്ങില്‍ ഒരുമിച്ചെത്തിയതും ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചു. വോട്ടെടുപ്പ് ദിനത്തിലും തൃഷ ശ്രദ്ധാകേന്ദ്രമായി. വോട്ട് ചെയ്തതിന് ശേഷം വിജയ് ചിത്രം 'ഗില്ലി'യിലെ പാട്ടിനൊപ്പമാണ് തന്‍റെ ചിത്രം തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ സംഭവങ്ങളുടെ ചുവട് പിടിച്ചാണ് പുതിയ അഭ്യൂഹങ്ങളും കനക്കുന്നത്.