Image credit: X

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'ജനനായകന്റെ' പ്രദർശനം തടസ്സപ്പെട്ടു. ഞായറാഴ്ച ചെന്നൈയിലെ മാളുകളിലും തിയറ്ററുകളിലും നടന്ന പ്രദർശനങ്ങളാണ്, ചിത്രം കാണാന്‍ കുട്ടികള്‍ എത്തിയതിനെ തുടർന്ന് നിർത്തിവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്തത്.

സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണ് 'ജന നായകന്‍'. ചട്ടപ്രകാരം പ്രായപൂർത്തിയായവർക്ക് മാത്രമാണ് ഇത്തരം ചിത്രങ്ങൾ തിയറ്ററിൽ കാണാൻ അനുവാദമുള്ളത്. എന്നാൽ ഞായറാഴ്ച രാവിലെ അമ്പാ മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന 9:25ലെ ഷോയ്ക്കിടയിൽ കുടുംബത്തോടൊപ്പം എത്തിയ പലരും കുട്ടികളുമായാണ് വന്നത്. മാത്രമല്ല കുട്ടികളെ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസും തിയേറ്റര്‍ ജീവനക്കാരും ഇടപെടുകയായിരുന്നു. തുടർന്ന് ഷോ ഏകദേശം ഒരു മണിക്കൂറോളം നിർത്തിവെച്ചു. കുട്ടികളുമായി എത്തിയ കുടുംബങ്ങളോട് തിയേറ്ററിന് പുറത്തുപോകുവാൻ ആവശ്യപ്പെടുകയും, ടിക്കറ്റ് തുക റീഫണ്ട് നൽകുമെന്ന് തിയേറ്റർ മാനേജ്‌മെന്റ് അറിയിക്കുകയും ചെയ്തു. അതേസമയം, ചെന്നൈയിലെ മറ്റ് ചില തിയേറ്ററുകളിലും സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജനനായകന്‍റെ പ്രദർശനം വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

എച്ച്.വിനോദ് സംവിധാനം ചെയ്ത 'ജന നായകന്‍' വിജയ്‌യുടെ അവസാന ചിത്രമായാണ് കണക്കാക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ആക്ഷൻ ചിത്രത്തിൽ വിജയ്‌യെ കൂടാതെ മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 23-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ലോകമെമ്പാടുമായി 230 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Screenings of Tamil Nadu Chief Minister and actor Vijay's latest film, Jananaayakan, directed by H. Vinoth, were disrupted or delayed in Chennai malls and theaters on Sunday because families arrived with minor children, violating the rules associated with the movie's 'A' certificate issued by the Censor Board. During the 9:25 AM show at the Express Avenue (Amba) Mall's PVR Cinemas, police and theater staff intervened upon noticing underage children inside, halting the screening for about an hour while management asked families to leave and offered ticket refunds, with similar disruptions occurring across other Chennai theaters. Touted as Vijay's final film before fully entering politics, the political action drama co-stars Mamitha Baiju, Bobby Deol, and Pooja Hegde, and has grossed over ₹230 crore worldwide since its release on July 23, 2026.