Madurai: Tamilaga Vettri Kazhagam (TVK) President Vijay addresses the party's second State-level conference, in Madurai, Thursday, Aug. 21, 2025. (PTI Photo) (PTI08_21_2025_000243A)

Madurai: Tamilaga Vettri Kazhagam (TVK) President Vijay addresses the party's second State-level conference, in Madurai, Thursday, Aug. 21, 2025. (PTI Photo) (PTI08_21_2025_000243A)

എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാടിന്‍റെ ‘മുതലമൈച്ചറാകാന്‍’ ഒരുങ്ങുകയാണ് വെള്ളിത്തിരയില്‍‌ നിന്നുള്ള സൂപ്പര്‍ താരം വിജയ്. 107 സീറ്റുകളാണ് ടിവികെയുടെ കയ്യിലിരിക്കുന്നത്. അതായത് 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 11 സീറ്റുകൾ മാത്രം കുറവ്. അങ്ങിനെയിരിക്കെ ഇന്ത്യന്‍ രാഷ്ട്രീയം തമിഴകത്തേക്ക് ഉറ്റുനോക്കുകയാണ്. ചോദ്യം ഒന്നുമാത്രം, 118 എന്ന മാജിക് സംഖ്യ വിജയ് എങ്ങനെ തികയ്ക്കും? ആ രാഷ്ട്രീയ സമാവാക്യം എന്തായിരിക്കും? സംസ്ഥാനത്ത് തൂക്കുസഭ ഉണ്ടാകുമോ?

കന്നിയങ്കത്തില്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാൻ സാധ്യതയുണ്ട്. ഡിഎംകെ 59, എഡിഎംകെ 47 എന്നിങ്ങനെയാണ് സീറ്റ് നില. മാത്രമല്ല, കോണ്‍ഗ്രസിന് അഞ്ചും മുസ്‌ലിം ലീഗിനും സിപിഐക്കും രണ്ട് സീറ്റും വീതമുണ്ട്. പിഎംകെയ്ക്ക് അഞ്ചും സീറ്റുമുണ്ട്. അങ്ങിനെയിരിക്കെ പുറത്തുനിന്നുള്ള പിന്തുണ ലഭിക്കുമെന്നാണ് ടിവികെ വിശ്വസിക്കുന്നത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) എന്നിവയുൾപ്പെടെ നിലവിൽ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിലിരിക്കുന്ന പാർട്ടികളിൽ നിന്നും പിന്തുണ ടിവികെയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

2006-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 96 സീറ്റുകൾ നേടി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന സമാന സാഹചര്യമാണ് തമിഴകത്ത് ഒരിക്കല്‍ കൂടി വന്നിരിക്കുന്നത്. അന്ന് എം. കരുണാനിധി അഞ്ചാം തവണയും മുഖ്യമന്ത്രിയായി. 1952 ന് ശേഷം സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ന്യൂനപക്ഷ സർക്കാരായിരുന്നു ഡിഎംകെയുടേത്. സമാന സാഹചര്യം വീണ്ടു വന്നിരിക്കവേ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിനുള്ളിൽ നിന്നും കക്ഷികള്‍ പുറത്തുചാടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിനാണ് ഇതില്‍ ഏറെ സാധ്യത കല്‍പ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ടിവികെയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത കോണ്‍ഗ്രസ് അന്വേഷിച്ചിരുന്നു. ഈ പേരും പറഞ്ഞ് ഡിഎംകെയിൽ നിന്ന് കൂടുതൽ സീറ്റ് നേടാനും ശ്രമമുണ്ടായി. സഖ്യത്തിനുള്ളിലെ വഷളായ ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു ഇതെല്ലാം. ഇതിനിടെ മികച്ച വിജയത്തിൽ അഭിനന്ദിക്കാന്‍ വിജയ്‌യെ വിളിച്ചതായി രാഹുൽ ഗാന്ധിയും പറഞ്ഞു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യത്തില്‍ നില്‍ക്കെയാണ് ഈ ഫോണ്‍വിളി എന്നോര്‍ക്കണം. മറ്റൊരു സാധ്യത അഞ്ച് സീറ്റുകളുള്ള പട്ടാലി മക്കൾ കക്ഷി (പിഎംകെ) പാര്‍ട്ടിയുടെ പിന്തുണയാണ്. അതേസമയം, നിലവില്‍ ബിജെപിയുമായി സഖ്യത്തിലിരിക്കുന്ന പാര്‍ട്ടിയാണ് തമിഴ്നാട്ടില്‍ മൂന്നാം സ്ഥാനത്തെത്തിയ എഐഎഡിഎംകെ. എന്നാല്‍ വിജയ് തങ്ങളുടെ പ്രത്യയശാസ്ത്ര എതിരാളിയായി വിശേഷിപ്പിച്ച ബിജെപിയുമായുള്ള സഖ്യം കണക്കിലെടുക്കുമ്പോള്‍ അണ്ണാ ഡിഎംകെ ടിവികെയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയില്ല.

തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നു തന്നെയാണ് ടിവികെ സ്ഥാനാര്‍ഥി 30 കാരന്‍ രേവന്ത് ചരൺ ഉറപ്പിച്ചു പറഞ്ഞത്. സഖ്യങ്ങളോ മറ്റ് പാർട്ടികളുടെ പിന്തുണയോ സംബന്ധിച്ച ഏത് തീരുമാനവും പാർട്ടിയുടെ ഹൈക്കമാൻഡ് എടുക്കും. സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞ എന്നായിരിക്കും എന്നും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു

കാറ്റ് ഗതിമാറി വീശുന്ന തമിഴകം

അഞ്ച് പതിറ്റാണ്ടുകളായി ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാര്‍ട്ടികളുടെ തട്ടകമായിരുന്ന തമിഴ്നാട്ടില്‍ കാറ്റ് ഗതിമാറി വീശുന്നതും ടിവികെ കൊടുങ്കാറ്റാകുന്നതുമാണ് വോട്ടെണ്ണുമ്പോള്‍ കണ്ടത്. ‘ആള്‍ക്കൂട്ടം വോട്ടാ മാറാത്’ എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ എങ്ങനെയാണ് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റേണ്ടതെന്ന് വിജയ് കാണിച്ചു കൊടുത്തു. സംഘടനാ സംവിധാനമില്ലെന്നും അച്ചടക്കമില്ലെന്നും പറഞ്ഞവര്‍ക്ക് മുന്നിലാണ് ടിവികെയും വിജയ്‌യും കിങ്ങായി മാറിയത്. ഒപ്പം പെരമ്പൂരിൽ നിന്നും ട്രിച്ചി ഈസ്റ്റിൽ നിന്നുമുള്ള വിജയ്‌യുടെ ജയം വമ്പന്‍ ജയമായി മാറി. ഡിഎംകെയുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന 16 സീറ്റുകളിൽ 14 ഉം ഇന്ന് ടിവികെയുടെ കയ്യിലാണ്.

പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍ ‘വിജയ് മക്കള്‍ ഇയക്ക’മാണ് സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും വിജയ്‌യുടെ വിജയത്തിന്‍റെ നട്ടെല്ലായത്. വാര്‍ഡ് തലങ്ങളില്‍ പോലും കമ്മറ്റികളുണ്ടായിരുന്ന സംഘടനാ സംവിധാനം. പിന്നീട് 2024–ല്‍ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ഇതെല്ലാം വിജയ്ക്ക് ഒപ്പം നിന്നു. വിക്രവാണ്ടിയിലെ ആദ്യ സംസ്ഥാന സമ്മേളനം മുതലുള്ള ജനങ്ങളുടെ പങ്കാളിത്തം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അന്ന് മുതല്‍ ഇന്നുവരെ ഈ ആള്‍ക്കൂട്ടം വിജയ്‌യെ ഭ്രമണം ചെയ്യുകയാണ്. സ്ത്രീ വോട്ടര്‍മാരും യുവ വോട്ടര്‍മാരും വിജയ്ക്ക് പിന്നില്‍ അണി നിരന്നു. വോട്ടെടുപ്പ് ദിനത്തില്‍ യുവ വോട്ടര്മ‍ാര്‍ കൂട്ടത്തോടെ എത്തിയതും മുന്‍പെങ്ങുമില്ലാത്ത ആവേശവും അന്നു തന്നെ സൂചന നല്‍കി.

അത്ര എളുപ്പമായിരുന്നില്ല ടിവികെയ്ക്ക് ഒന്നും. 2025-ൽ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍‌ ദുരന്തത്തെ തുടര്‍ന്ന് വിജയ്‌യും ടിവികെയും വലിയ വിമര്‍ശനം നേരിട്ടു. അവിടെയും തീര്‍ന്നില്ല കുടുംബബന്ധത്തിന്‍റെ തകര്‍ച്ചയും നടിയുമായുള്ള ബന്ധവും തുടങ്ങി വിജയ് നേരിട്ട ആരോപണങ്ങള്‍ നിരവധി. ഒടുവില്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മത്സരിക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെപ്പോലും കിട്ടാതെ വിജയ് പാടുപെട്ടു. ‘ജനനായകനെ’ന്ന് ബിഗ് സ്ക്രീനിലൂടെയും തമിഴ് മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് 100കോടി മുടക്കിയ പടം പെട്ടിയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവദിച്ചില്ല.

എന്നാല്‍ ഫലം വന്നതോടെ വിവാദങ്ങള്‍ക്കൊന്നും വിജയ് എന്ന ‘നായകന്‍റെ’ ജനപ്രതീതി കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്നുറപ്പായി. എങ്കിലും വന്‍ വിജയം ഒരു വശത്തിരിക്കുമ്പോളും മറുവശത്ത് സർക്കാർ രൂപീകരിക്കുക എന്നത് രാഷ്ട്രീയ സമവാക്യങ്ങള്‍ വിജയ്‌യും ടിവികെയും എത്രത്തോളം ഫലപ്രദമായി കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും. ഭൂരിപക്ഷം മറികടന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെയ്ക്ക് ആരുമോ എന്നുള്ള ചര്‍ച്ചകള്‍ തമിഴക രാഷ്ട്രീയത്തിനുള്ളിലും ഭരണം പിടിക്കാനുള്ള ചര്‍ച്ചകള്‍ ടിവികെക്കുള്ളിലും സജീവമാണ്. എന്താലായും മെയ് 7 ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ENGLISH SUMMARY:

Following a historic performance in the 2026 Assembly elections, actor Vijay’s TVK holds 107 seats, just 11 short of the 118-seat majority mark in the 234-member house. While the DMK and AIADMK have been relegated to 59 and 47 seats respectively, TVK is exploring political equations to form a government, possibly mirroring the 2006 "minority government" model of M. Karunanidhi. Analysts suggest potential support could come from the Congress (5 seats), PMK (5 seats), and smaller allies currently within the DMK-led bloc, bolstered by a congratulatory phone call from Rahul Gandhi to Vijay. Despite facing personal controversies and campaign hurdles like the Karur tragedy, Vijay’s grassroots network, Vijay Makkal Iyakkam, successfully converted cinematic stardom into a massive electoral wave among youth and women. As the Governor prepares to invite the single largest party, TVK sources indicate a tentative swearing-in date of May 7. The state now waits to see if Vijay can master the art of coalition politics as effectively as he dominated the silver screen.