Tiruchirappalli: Tamilaga Vettri Kazhagam (TVK) chief and candidate from the Tiruchirappalli East constituency, Vijay, after paying tribute to former Tamil Nadu CM Maruthur Gopalan, before filing his nomination for state Assembly elections, in Tiruchirappalli, Thursday, April 2, 2026. (PTI Photo) (PTI04_02_2026_000178B)
തമിഴ് മണ്ണില്‍ അടുത്ത അഞ്ചുവര്‍ഷം ആര് ചുവടമര്‍ത്തുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇരുവഴികളിലൊഴുകുന്ന തമിഴക രാഷ്ട്രീയത്തില്‍ സ്വന്തമായി മൂന്നാമതൊരു വഴി വെട്ടിവന്ന നടന്‍ വിജയ്‌യും ടിവികെയും ഈ തിരഞ്ഞെടുപ്പില്‍ എന്ത് മാറ്റമുണ്ടാക്കും? വെള്ളിത്തിരയില്‍ സൃഷ്ടിച്ച ആവേശം തമിഴക അരസിയല്‍ തിരയായി മാറുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് തമിഴ് ജനത.
രാഷട്രീയ പ്രവേശം നടത്തിയ നാള്‍ മുതല്‍ ഇളയ ദളപതിയുടെ നീക്കങ്ങള്‍ അങ്ങേയറ്റം സൂക്ഷ്മമായാണ് ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചു നീങ്ങിയ തമിഴക വെട്രി കഴകവും വിജയ്‌യും കടുത്ത ആത്മവിശ്വാസത്തിലാണ് ഈ മണിക്കൂറുകളില്‍ നീങ്ങുന്നത്. ഒരു പുത്തന്‍ പാര്‍ട്ടിക്കും പുതുനേതാവിനും ലഭിക്കാവുന്ന പിന്തുണയുടെ എല്ലാ അതിര്‍ത്തിയും ഭേദിച്ചുള്ള ആള്‍ക്കൂട്ടമാണ് വിജയ് എത്തിയ ഓരോ പ്രചാരണ വേദിയിലും കണ്ടത്. ആര്‍പ്പുവിളികളോടെയും മുദ്രാവാക്യങ്ങളോടെയും ആ ആള്‍ക്കൂട്ടം നല്‍കിയ പിന്തുണ പെട്ടിതുറന്നാല്‍ കിട്ടുമോയെന്നതാണ് ഇനി ഉയരുന്ന ചോദ്യം.
ടിവികെയുടേയും താരത്തിന്‍റേയും സ്വാധീനം ഈ തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറയ്ക്കുമെന്ന് സഖ്യകക്ഷി പ്രമുഖര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച ചെയ്യുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഡിഎംകെയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും. എങ്കിലും ഈ ജനക്കൂട്ടമൊന്നും ഡിഎംകെയുടെ അടിത്തറ പൊളിക്കാന്‍ പോന്നതല്ലെന്ന കടുത്ത ആത്മവിശ്വാസവും ഭരണകക്ഷിക്കുണ്ട്. വാ പൊളിച്ചും അലറി വിളിച്ചും വിജയ്ക്ക് ചുറ്റും കൂടുന്നത് വോട്ടില്ലാത്ത ചിന്ന പസങ്കളെന്നാണ് ഡിഎംകെയുടേയും എഐഎഡിഎംകെയുടേയും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
തിരഞ്ഞെടുപ്പ് തയാറെടുപ്പിനിടെ പല തരത്തിലുള്ള പ്രതിസന്ധികള്‍ വിജയ്‌ക്കു മുന്‍പില്‍ വന്നു. കരൂര്‍ ദുരന്തത്തില്‍ തുടങ്ങി സ്വന്തം പേരില്‍ വന്ന മൂന്നു കേസുകളുള്‍പ്പെടെ താരത്തെ അങ്കലാപ്പിലാക്കിയിരുന്നു. കുടുംബബന്ധത്തിന്റെ തകര്‍ച്ചയും നടിയുമായുള്ള ബന്ധവും അങ്ങനെ നേരിട്ട ആരോപണങ്ങള്‍ നിരവധി, ഒടുവില്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മത്സരിക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെപ്പോലും കിട്ടാതെ വിജയ് പാടുപെട്ടു. ‘ജനനായകനെ’ന്ന് ബിഗ് സ്ക്രീനിലൂടെയും തമിഴ് മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് 100കോടി മുടക്കിയ പടം പെട്ടിയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവദിച്ചില്ല.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടെയില്‍ വിജയ് തീര്‍ക്കുന്ന തിരയിളക്കം അന്നാട്ടിലെ ദ്രാവിഡക്കസേരകളുടെ ഉറക്കം കെടുത്തുന്നുവെന്ന് ബോധ്യപ്പെടും വിധമായിരുന്നു ഈ പ്രതിസന്ധികളെല്ലാം ഒന്നിനു പുറകെ ഒന്നായി വരിഞ്ഞുമുറുക്കിയത്. പെരമ്പൂരിലും, 35–40% ന്യൂനപക്ഷ വോട്ടര്‍മാരുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുന്നത്. പല കണക്കുകൂട്ടലുകളോടെയുമാണ് ഈ രണ്ട് മണ്ഡലങ്ങളും ടിവികെ തിരഞ്ഞെടുത്തത്. 1000 കോടിയുടെ ഇഡി കേസും കരൂര്‍ സംഭവവും മുന്‍നിര്‍ത്തി അമിത് ഷാ ഉള്‍പ്പെടെ ഇടപെട്ട് വിജയ്‌യെ സ്വന്തം ചേരിയിലേക്ക് നിര്‍ത്താന്‍ നോക്കിയെങ്കിലും ഒറ്റയ്ക്ക് നില്‍ക്കാമെന്നായിരുന്നു താരത്തിന്‍റെ നിലപാട്.
ജയിപ്പിച്ചാല്‍ എല്ലാ മാസവും മണ്ഡലസന്ദര്‍ശനം, യുവതികള്‍ക്ക് വിവാഹത്തിന് ഒരു പവനും പട്ടുസാരിയും, കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6 സൗജന്യ പാചകവാതക സിലിണ്ടര്‍,60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം, മക്കളുടെ പഠനത്തിന് അമ്മമാര്‍ക്ക് 15,000 രൂപ എന്നിവയാണ് ടിവികെ വോട്ടര്‍മാര്‍ക്ക് മുന്നില്‍വച്ച വാഗ്ദാനങ്ങള്‍.
വിജയ്‌യും ടിവികെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് എക്സിറ്റ് പോളുകളെല്ലാം വ്യക്തമാക്കുന്നത്.അതില്‍ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അക്ഷരാര്‍ഥത്തില്‍ ടിവികെയെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. വിജയ്‌യുടെ പാർട്ടി 98 മുതൽ 120 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്ന് ഇവർ പ്രവചിക്കുന്നു. ഏകദേശം 35% വോട്ട് വിഹിതവും വിജയ്‌ക്ക് ലഭിച്ചേക്കാം. അതേസമയം ടിവികെ 63 സീറ്റുകള്‍ നേടുമെന്നും വിജയ് പ്രധാന പ്രതിപക്ഷമായി മാറുമെന്നും ടുഡേയ്സ് ചാണക്യ പറയുന്നു.
എന്നും അടിമുടി നാടകീയത നിറഞ്ഞ രംഗമാണ് തമിഴകത്തിന്‍റെ രാഷ്ട്രീയ മണ്ണ്. 234 സീറ്റുകളിലേക്കുള്ള മത്സരത്തില്‍ തുടര്‍ഭരണം നേടുകയെന്ന ഒറ്റലക്ഷ്യമാണ് ഡിഎംകെയ്ക്കുള്ളത്. നഷ്ടപ്പെട്ട പ്രതാപവും കരുത്തും തിരിച്ചുപിടിച്ച് ഭരണത്തിലേറാന്‍ അണ്ണാഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎയും കരുക്കള്‍ നീക്കി. ഇതിനിടെയിലെ സിനിമാസ്റ്റൈല്‍ സീനുകളുടെ ക്ലൈമാക്സില്‍ ടിവികെ എത്ര വോട്ട് പിടിക്കും? പിടിച്ചാല്‍ അത് ആര്‍ക്കിട്ടുള്ള പണിയാകും? പ്രചാരണത്തിലെ താരാവേശം മാത്രമായി ഒടുങ്ങുമോ? എല്ലാമറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.