Image credit: Facebook

അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ പുതുച്ചേരി. കേന്ദ്രഭരണ പ്രദേശത്ത് എന്‍ആര്‍ കോണ്‍ഗ്രസ്– ബിജെപി സഖ്യം 17 സീറ്റോടെ അധികാരത്തിലേക്ക്. മുഖ്യമന്ത്രി എന്‍.രംഗസ്വാമി അടക്കം എന്‍ആര്‍ കോണ്‍ഗ്രസിന്റെ 11 സ്ഥാനാര്‍ഥികള്‍ ജയിച്ചു. എന്‍ഡിഎ ആകെ 17 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിന് നേടാനായത് 6 സീറ്റാണ്. അതേസമയം, സ്വതന്ത്രരും ടിവികെയും മൂന്ന് വീതം സീറ്റുകള്‍ നേടി. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം രംഗസ്വാമിക്ക് അനുകൂലമായിരുന്നു. അഞ്ചാംതവണയും മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണ് രംഗസ്വാമി ഇത്തവണ മല്‍സരത്തിന് ഇറങ്ങിയത്. 

എൻഡിഎയിൽ എൻആർ കോൺഗ്രസ് പതിനാറും ബിജെപി പന്ത്രണ്ടും എഐെഡിഎംകെ, ലക്ഷ്യ ജനനായക കക്ഷി എന്നിവ ഓരോ സീറ്റിലുമാണ് മല്‍സരിച്ചത്. ഇന്ത്യാ സഖ്യത്തില്‍ സീറ്റ് വിഭജനം മുതല്‍ കല്ലുകടിയായിരുന്നു. കോണ്‍ഗ്രസ് പതിനാറും ഡിഎംകെ പന്ത്രണ്ടും സീറ്റുകളില്‍ മല്‍സരിക്കുമെന്നായിരുന്നു ധാരണയെങ്കിലും കാലാപ്പെട്ട്, രാജ്ഭവൻ, മംഗലം, തിരുഭുവനൈ, കാരക്കൽ സൗത്ത് എന്നിവിടങ്ങളില്‍ ഇന്ത്യാസഖ്യത്തിനുള്ളില്‍ ‘സൗഹൃദ’മല്‍സരമുണ്ടായി. വിസികെയും സിപിഐയും ഓരോ സീറ്റുകളിലാണ് മല്‍സരിച്ചത്.

30 മണ്ഡലങ്ങളില്‍ 294 സ്ഥാനാര്‍ഥികള്‍ മാറ്റുരച്ച തിരഞ്ഞെടുപ്പില്‍ പോളിങ് 91.23 ശതമാനമായിരുന്നു. 9,50,639 വോട്ടര്‍മാരില്‍ 89.87 ശതമാനം പേര്‍ പോളിങ് ബൂത്തുകളിലേക്കെത്തിയപ്പോള്‍ 12,000 പേര്‍ പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തി. 14 മണ്ഡലങ്ങളില്‍ 90 ശതമാനത്തിലധികവും പോളിങ് രേഖപ്പെടുത്തി. അഞ്ച് സംവരണ മണ്ഡലങ്ങളില്‍ നാലിടത്തും 90 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്. 2006 ലാണ് ഇതിനുമുന്‍പ് ഏറ്റവും കനത്ത പോളിങ്ങുണ്ടായത്. 86 ശതമാനമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. യുപിഎ സഖ്യം അധികാരത്തിലുമെത്തി.

പടലപ്പിണക്കം തുണച്ചു, കോണ്‍ഗ്രസ് വിട്ടിട്ടും കരുത്തു ചോരാതെ രംഗസ്വാമി

ഒരുകാലത്ത് കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്നയിടമാണ് പുതുച്ചേരി. എന്നാല്‍ പ്രാദേശിക രാഷ്ട്രീയം കരുത്താര്‍ജിച്ചതോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. ഓള്‍ ഇന്ത്യ എന്‍.ആര്‍.കോണ്‍ഗ്രസാണ് നിലവിലെ ഭരണകക്ഷി. കോണ്‍ഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ, ഇടതുപാര്‍ട്ടികള്‍ എന്നിവരെ ഏറെക്കുറെ അപ്രസക്തമാക്കിയായിരുന്നു ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസിന്‍റെ ഭരണത്തിലേക്കുള്ള വരവ്.

ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു എന്‍. രംഗസ്വാമി. 2001ലാണ് അദ്ദേഹം ആദ്യമായി പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യടേമിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ രംഗസ്വാമിയെ ജനപ്രിയനാക്കി. 2006ല്‍ വീണ്ടും അധികാരത്തില്‍. 'മക്കള്‍ മുതല്‍വന്‍' എന്ന് പേര് കിട്ടി. 2008ല്‍ മന്ത്രിസഭയില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ രംഗസ്വാമിയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തൊട്ടുമുന്‍പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. ഇതോടെ അദ്ദേഹം പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു. 2011ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. എഐഎഡിഎംകെയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. അന്ന് 18 സീറ്റുകളില്‍ മല്‍സരിച്ച രംഗസ്വാമിയുടെ പാര്‍ട്ടി 15 സീറ്റും നേടി. സര്‍ക്കാരുമുണ്ടാക്കി.

അപ്രതീക്ഷിത അടിയില്‍ ഉലഞ്ഞ കോണ്‍ഗ്രസ് പക്ഷേ 2016 ല്‍ തിരിച്ചുവന്നു. മല്‍സരിച്ച 21 സീറ്റില്‍ പതിനഞ്ചിലും വിജയിച്ച കോണ്‍ഗ്രസ് ഡിഎംകെ പിന്തുണയോടെ അധികാരം പിടിച്ചു. എട്ടുസീറ്റുമായി എഐഎന്‍ആര്‍സി പ്രതിപക്ഷത്തിരുന്നു. 2021 ആയപ്പോള്‍ പുതുച്ചേരിയുടെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞു. രാജ്യമെങ്ങും ചുവടുറപ്പിച്ച ബിജെപി പുതുച്ചേരിയിലും സാന്നിധ്യം ശക്തമാക്കി. 2018 ലെ നിയമസഭയില്‍ മൂന്ന് പാര്‍ട്ടി അംഗങ്ങളെ നോമിനേറ്റഡ് സാമാജികരാക്കിയായിരുന്നു ബിജെപിയുടെ ആദ്യ നീക്കം. കളമുറപ്പിക്കാന്‍ ബിജെപി സര്‍വ സ്വാധീനവും പയറ്റുന്നതുകണ്ട രംഗസ്വാമി അവരുമായി സഖ്യമുണ്ടാക്കി. ഇതോെട എഐഎന്‍ആര്‍സി വീണ്ടും അധികാരം പിടിച്ചു. പുതുച്ചേരിയുടെ ചരിത്രത്തില്‍ ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍!

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യാസഖ്യത്തിലെ ശാക്തിക സമവാക്യങ്ങളും മാറ്റിയെഴുതി. 14 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. 13 സീറ്റില്‍ മല്‍സരിച്ച ഡിഎംകെ 6 സീറ്റ് നേടി. ഇത് സഖ്യത്തിനുള്ളില്‍ ഡിഎംകെയെ കരുത്തരാക്കി. ഇടതുപാര്‍ട്ടികള്‍ക്കും വിസികെയ്ക്കും കൂടുതല്‍ പരിഗണന നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. എഐഎന്‍ആര്‍സിയും ബിജെപിയുമായി കൈ കോര്‍ത്തതോടെ എഐഎഡിഎംകെ പുതുച്ചേരിയില്‍ നിന്ന് ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടു. ഒറ്റ സീറ്റില്‍ പോലും ജയിക്കാനായില്ല.

2026 ലെത്തുമ്പോള്‍ പുതുച്ചേരി രാഷ്ട്രീയത്തില്‍ വീണ്ടും മാറ്റമുണ്ട്. വിജയ്‍യുടെ ടിവികെ രംഗപ്രവേശം നടത്തിയതാണ് സമവാക്യങ്ങളില്‍ വന്ന പ്രധാനമാറ്റം.  അടിത്തറ ശക്തമാക്കി ഭരണം പിടിക്കാമെന്ന് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ആഗ്രഹിച്ചെങ്കിലും നടന്നില്ല. മറുവശത്താകട്ടെ വിദ്യാര്‍ഥികള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ന്‍ആര്‍ കോണ്‍ഗ്രസിന് വോട്ടായി മാറി. ജനപ്രീതി മറികടക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന രംഗസ്വാമിയുടെ വിശ്വാസത്തിനും ഇളക്കം തട്ടിയില്ല.

ENGLISH SUMMARY:

Defying expectations of an upset, the NR Congress-BJP alliance (NDA) has retained power in Puducherry by securing 17 seats in the 30-member Assembly. Chief Minister N. Rangaswamy led the charge with the NR Congress winning 11 seats, while the rival Congress-DMK alliance was restricted to just 6 seats following internal conflicts and "friendly contests" in several constituencies. A notable highlight of this election was the historic 91.23% voter turnout and the debut of actor Vijay's party, TVK, which managed to win 3 seats, matching the tally of independent candidates. Rangaswamy’s enduring popularity, rooted in his image as "Makkal Mudhalvan" and his focus on student and family welfare, proved insurmountable for the opposition. Despite a shifting political landscape that saw the rise of the BJP and the emergence of TVK, the veteran leader's strategic alliance and grassroots connection have cemented his fifth term as Chief Minister.