Image: Manorama
പിന്നില്‍ നിന്നും കുത്തിയവരുമായി ഇനി സന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ. ഇന്നലെ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ നിന്നും ഡിഎംകെ വിട്ടുനിന്നതും ഏറെ ചര്‍ച്ചയാവുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഡിഎംകെയും കോണ്‍ഗ്രസും അകലുന്നത്. ഈ ചതിയില്‍ ഡിഎംകെ അംഗങ്ങള്‍ക്കുള്ള അതൃപ്തി കണക്കിലെടുത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഒരു സഖ്യത്തിലും ഇനി ഭാഗമാകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്റെ സാന്നിധ്യം തന്നെയാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡിഎംകെയെ പ്രേരിപ്പിച്ചത്. ലോക്സഭയില്‍ ഇനി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ താല്‍പര്യമില്ലെന്ന് കാട്ടി ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ കനിമൊഴി ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. അതേസമയം തന്നെ കോൺഗ്രസിനെ ‘ഡിവോഴ്സ്’ ചെയ്തെന്നായിരുന്നു ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്.ഭാരതിയുടെ പ്രതികരണം.
കോൺഗ്രസിനെ ഒഴിവാക്കി, മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ ഡിഎംകെ തയ്യാറാണെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ആവശ്യമെങ്കില്‍ ഒരു മൂന്നാംമുന്നണിക്ക് മടിക്കില്ലെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചനയെന്നാണ് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്റെ വാക്കുകളില്‍ നിന്നും ബോധ്യമാകുന്നത്. അണികളുടെ വികാരം മാനിച്ചാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നും നേതൃത്വം പറയുന്നു.