തമിഴ്നാട്ടിൽ വിജയ്‍യുടെ വിസിൽ മുഴക്കം. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ. നിലവിൽ 108 സീറ്റുകളിൽ ആണ് ലീഡ് ചെയ്യുന്നത്. 118 സീറ്റുകളാണ് ആണ് സര്‍ക്കാർ രൂപീകരിക്കാൻ വേണ്ടത്. ഡിഎംകെ 74 സീറ്റുകളിലും അണ്ണാ ഡിഎംകെ 52 സീറ്റുകളിലും മുന്നിലാണ്. വിജയ് പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും ജയിച്ചു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെ നിരവധി മന്ത്രിമാർ പരാജയപ്പെട്ടു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ ലീഡ് ചെയ്യുന്നു. എടപ്പാടിയിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി വിജയിച്ചു. ഇത് തമിഴ്നാടിൻ്റെ വിജയം എന്നും സംസ്ഥാനത്ത് വിജയ് വലിയ മാറ്റം കൊണ്ട് വരുമെന്നും വിജയ് യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞു. ഡിഎംകെയെ ജനങ്ങൾ തൂക്കി എറിഞ്ഞ് എന്ന് ടിവികെ നേതാവ് ആദവ് അർജുനയും പറഞ്ഞു. വോട്ടിന് പണം എന്ന സമ്പ്രദായവും അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകള്‍ ഫലത്തെ സ്വാധീനിക്കും എന്നു തന്നെയായിരുന്നു എക്സിറ്റ് പോളുകളിസെയും സൂചന. ജയിച്ച സ്ഥാനാര്‍ഥികളെ താമസിപ്പിക്കാന്‍ ടിവികെ റിസോര്‍ട്ട് ബുക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേഡര്‍ വോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ച് ദ്രാവിഡ മോഡല്‍ 2.0യ്ക്കായി പ്രതീക്ഷയിലായിരുന്നു ഡിഎംകെയെങ്കിലും ഫലം കണ്ടില്ല. സഖ്യത്തിന് 160ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു കരുതിയത്. സര്‍ക്കാര്‍ രൂപീകരിക്കാമെന്ന വിജയ്‌യുടെ ആഗ്രഹം നടക്കില്ലെന്നും ഡിഎംകെ ഉറപ്പിച്ചിരുന്നു. രണ്ടില വീണ്ടും വിരിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അണ്ണാ ഡിഎംകെയും. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം കീഴ്മേല്‍ മറിച്ചാണ് ടിവികെ കുതിച്ചത്.
കന്നി വോട്ടർമാരുടെ എണ്ണത്തിൽ വന്‍ വർധനയാണ് ഇത്തവണയുണ്ടായത്. 14.59 ലക്ഷം പേരാണ് പുതിയ വോട്ടർമാർ. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 33 ശതമാനത്തിലേറെ വർധിച്ചതായാണ് കണക്ക്. വനിതാ വോട്ടർമാരുടെ എണ്ണത്തിലും വന്‍ കുതിപ്പാണു രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് സംസ്ഥാനത്ത് ഏറ്റവുമുയർന്ന പോളിങ് രേഖപ്പെടുത്തിയത് 2011-ലാണ്. 78.29 ശതമാനം പേർ പോളിങ് ബൂത്തിലെത്തിയ ആ തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്‍റെ പിന്‍ബലത്തിൽ ജയലളിതയുടെ അണ്ണാ ഡിഎംകെയാണ് അധികാരത്തിലെത്തിയത്.
ഡിഎംകെ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണ് വോട്ടിങ് ശതമാനത്തിലെ കുതിപ്പെന്നായിരുന്നു അണ്ണാ ഡിഎംകെയുടേയും ടിവികെയുടേയും അവകാശവാദം. തിരഞ്ഞെടുപ്പു കമ്മിഷൻ ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് 85.15 ശതമാനം പേരാണ് തമിഴ്‌നാട്ടിൽ വോട്ടു ചെയ്തത്. സർവകാല റെക്കോര്‍ഡാണിത്. ഡിഎംകെ മുന്നണിയും അണ്ണാ ഡിഎംകെ-ബിജെപി സഖ്യവും തമ്മിലാണ് പ്രധാന മത്സരമെന്ന് കരുതിയെങ്കിലും ടിവികെയുടെ സാന്നിധ്യം ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുക്കിയത്.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു വേണ്ട എല്ലാ ചേരുവകളും വിജയ് പയറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 35–40% ന്യൂനപക്ഷ വോട്ടർമാരുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റ് മല്‍സരിക്കാൻ തിരഞ്ഞെടുത്തതിൽ വരെ അത് ദൃശ്യമാണ്.