AI Generated Image
30കാരിയായ വനിതാ കോണ്‍സ്റ്റബിളിനെ തമിഴ്നാട്ടിലെ ശിവഗംഗയില്‍ കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച്ച രാത്രി സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് സംഭവം. സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേരെ ശിവഗംഗ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവഗംഗ തൂതൈ സ്വദേശി ഡി. റോബിൻ (28), സിതാലങ്കുടി സ്വദേശികളായ പി. മഹാരാജ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് അറസ്റ്റിലായത്. ശിവഗംഗ ആംഡ് റിസർവ് വിഭാഗത്തിലെ കോൺസ്റ്റബിളായ യുവതി തന്റെ ഓഫ് ഡേയിലാണ് സുഹൃത്തായ റോബിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത്.
ഭക്ഷണം കഴിച്ച ശേഷം റോബിന്‍ യുവതിയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെവച്ച് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ റോബിന്‍ തന്റെ സുഹൃത്തും യുവതിയുടെ മുന്‍ കാമുകനുമായ പി.മഹാരാജനെ ഇവിടേക്ക് വിളിച്ചുവരുത്തി. മഹാരാജൻ തന്റെ മറ്റൊരു സുഹൃത്തായ ഹരീഷ് രാജനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്.
സ്ഥലത്തെത്തിയ മഹാരാജന്‍ താനുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ നിര്‍ബന്ധിച്ചു. യുവതി വിസമ്മതിച്ചതോടെ മഹാരാജനും ഹരീഷ് രാജനും ചേര്‍ന്ന് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആക്രമണത്തിനു ശേഷം സ്ഥലത്തുനിന്നും ഒരു വിധത്തില്‍ രക്ഷപ്പെട്ട യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇവർക്ക് ആവശ്യമായ കൗൺസിലിങ് നൽകാനുള്ള നടപടിയുള്‍പ്പെടെ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവഗംഗ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 70(i), 55, 351(ii) എന്നിവ പ്രകാരം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.