Image Credit: Facebook

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് മല്‍സരിച്ച തിരുച്ചിറപ്പളളി ഈസ്റ്റ് മണ്ഡലത്തില്‍ നടൻ രാഘവ ലോറൻസ് മത്സരിക്കാൻ സാധ്യത. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താരം തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകരുടെ അഭിപ്രായം ചോദിച്ച രാഘവ ലോറന്‍സ്, അഭിപ്രായം കമന്‍റ് ആയി രേഖപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ വേണ്ടയോ എന്നത് ആരാധകരുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കാണ് താരത്തിന്‍റെ ഉദ്ദേശം.

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അന്ന് അമ്മയുടെ പിന്തുണയില്ലായിരുന്നെന്നും രാഘവ ലോറന്‍സ് പറയുന്നു. എന്നാല്‍ തമിഴക വെട്രി കഴകം സ്ഥാപിച്ച് വിജയ് തമിഴ്നാട് രാഷ്ട്രീയത്തില്‍ ചരിത്രവിജയം നേടിയപ്പോള്‍ അമ്മയുടെ രാഷ്ട്രീയ മനോഭാവത്തില്‍ മാറ്റം വന്നെന്നും അമ്മ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പിന്തുണ നല്‍കിയെന്നും രാഘവ പറയുന്നു. താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരുമെന്ന് കരുതിയിരുന്നില്ലെന്നും, പണം സമ്പാദിക്കാനോ പദവികൾ മോഹിച്ചോ അല്ല ഇതിലേക്ക് ഇറങ്ങുന്നതെന്നും എക്സിലെ പോസ്റ്റിലൂടെ രാഘവ വ്യക്തമാക്കി. 

'താൻ വിശ്വസിക്കുന്ന, തനിക്ക് വേണ്ടപ്പെട്ട ഒരാള്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ആ വ്യക്തിക്കൊപ്പം ഒപ്പം നിന്ന് വലിയ രീതിയില്‍ സാമൂഹ്യസേവനം ചെയ്യണമെന്നാണ് അഗ്രഹിച്ചത്. ഇന്ന്, സാഹചര്യങ്ങൾ എന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ട ഒരു ഘട്ടത്തിൽ എത്തിച്ചിരിക്കുന്നു' എന്നും രാഘവ തന്‍റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ ഏതുപാര്‍ട്ടിയുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കാന്‍ പോകുന്നത്, ടിവികെയുമായി കൈകോര്‍ക്കുമോ തുടങ്ങിയ കാര്യങ്ങള്‍ രാഘവ ലോറന്‍സ് വെളിപ്പെടുത്തിയിട്ടില്ല. തന്‍റെ രാഷ്ട്രീയ പ്രവേശനം പൂര്‍ണമായും ആരാധകര്‍ക്ക് വിട്ടുകൊടുത്ത് അവരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് രാഘവ എന്നാണ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Raghava Lawrence's political entry is generating significant buzz, with the actor considering a run in the Thiruchirappalli East constituency, the same seat contested by Tamil Nadu Chief Minister Joseph Vijay. He has sought his fans' opinions on social media to decide his next move, indicating a potential shift in the political landscape of Tamil Nadu.