ഫയല്‍ ചിത്രം (ANI)

ഫയല്‍ ചിത്രം (ANI)

കോൺഗ്രസ് സ്ത്രീവിരുദ്ധരാണെന്ന് ശശി തരൂർ തന്നോട് സമ്മതിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. വനിത സംവരണ ബിൽ ചർച്ചചെയ്ത പാർലമെന്റ് സമ്മേളനത്തിനുശേഷം തരൂർ തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും, എന്നാല്‍ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കണക്കാക്കില്ലെന്നും തരൂർ പറഞ്ഞതായി കിരൺ റിജിജു അവകാശപ്പെട്ടു. ആരും തരൂരിനെ സ്ത്രീവിരുദ്ധൻ എന്ന് വിളിക്കില്ലെന്നും പക്ഷേ കോണ്‍ഗ്രസ് പാർട്ടി സ്ത്രീവിരുദ്ധരാണെന്ന് താന്‍ മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിജിജുവിന്‍റെ അവകാശവാദം.

‘കോൺഗ്രസ് സ്ത്രീ വിരുദ്ധരാണെങ്കിൽ പോലും സ്ത്രീകൾ ശശി തരൂരിനെ സ്ത്രീ വിരുദ്ധനായി കണക്കാക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ എന്താണ് അതിന്റെ അർഥം? ഒരു തരത്തിൽ, കോൺഗ്രസ് സ്ത്രീ വിരുദ്ധരാണെന്ന് അദ്ദേഹം അംഗീകരിച്ചു എന്നാല്ലേ. അദ്ദേഹം വ്യക്തിപരമായി സ്ത്രീ വിരുദ്ധനല്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി സ്ത്രീ വിരുദ്ധരാണെന്ന് അംഗീകരിക്കുകയായിരുന്നു’– കിരൺ റിജിജു പറഞ്ഞു.

വനിതാ സംവരണ ബില്ലിനും അനുബന്ധ ഭരണഘടനാ ഭേദഗതികൾക്കും എതിരായി പ്രതിപക്ഷം വോട്ട് ചെയ്തതിന് പിന്നാലെ കോൺഗ്രസ് സ്ത്രീവിരുദ്ധരാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ബിൽ ലോക്‌സഭയിൽ പാസാകാത്തതോടെ സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കി കോൺഗ്രസ് ആഘോഷിക്കുകയാണെന്ന് കിരണ്‍ റിജിജുവും വിമര്‍ശിച്ചിരുന്നു. ‘കോൺഗ്രസ് സ്ത്രീവിരുദ്ധരാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ സ്ത്രീകളുടെ കോപം അവർക്ക് നേരിടേണ്ടിവരും. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ചതിന് ശേഷം വിജയിച്ചു എന്നാണ് അവര്‍ കരുതുന്നത്. എന്നാൽ രാജ്യത്തെ സ്ത്രീകൾ അവരെ നല്ലൊരു പാഠം പഠിപ്പിക്കും’– കിരണ്‍ റിജിജു പറയുകയുണ്ടായി.

ലോക്സഭയിലെ സീറ്റെണ്ണം നിലവിലെ 543 ൽ നിന്ന് പരമാവധി 850 ആയി ഉയർത്തി ലോക്സഭയിലും നിയമസഭകളിലും 33% വനിതാസംവരണം നടപ്പാക്കുകയാണ് ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നിയമസഭകളിലും ലോക്സഭകളിലും 33% സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി 2023ൽ പാസായി. എന്നാൽ നടക്കാനിരിക്കുന്ന സെൻസസ്, മണ്ഡലപുനർനിർണയം എന്നിവ പൂർത്തിയാക്കിയ ശേഷം ഇത് നടപ്പാക്കുമെന്ന വ്യവസ്ഥ കൂടി ഇതില്‍ ഉൾച്ചേർത്തിരുന്നു. 

എന്നാല്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പ് ഭൂപടം പുനർനിർമ്മിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം വാദിച്ചു. കൂടുതൽ ഫലപ്രദമായി ജനസംഖ്യാ നിയന്ത്രണ നടപടികൾ നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള വിവേചനമാണ് ഈ നീക്കമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പ്രതിപക്ഷം ബില്ലിനെതിരെ വോട്ട് ചെയ്തതോടെ, ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. തുടര്‍ന്ന് 2011ൽ നടന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ വർധിപ്പിച്ച് സംവരണം നടപ്പാക്കാനാണ് നിലവിൽ സർക്കാർ ശ്രമം.

ENGLISH SUMMARY:

Union Minister Kiren Rijiju claimed in an interview with ANI that Congress MP Shashi Tharoor admitted his party is anti-women during a private conversation after the Women’s Reservation Bill debate. Following the defeat of the constitutional amendment in Parliament, Rijiju lashed out at the opposition for denying women’s rights. While the BJP aimed to increase Lok Sabha seats to 850 with 33% reservation, the opposition voted against it, citing concerns over delimitation and regional discrimination. The government is now reportedly considering implementation based on 2011 census data.