പ്രതീകാത്മക ഫയല്‍ ചിത്രം

സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തമിഴ്നാട്ടിലും ബംഗാളിലും പുരോഗമിക്കുന്നു.  വൈകിട്ട് ആറുവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കും. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാരുമുണ്ട്. 75,032 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തേനാംപേട്ടിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. ടിവികെ അധ്യക്ഷൻ വിജയ്, നീലാങ്കരയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെയും 83,875 പൊലീസുകാരും വിന്യസിച്ചിട്ടുണ്ട്.

ബംഗാളിലെ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.  മൂന്നരക്കോടിയിലേറെ വോട്ടര്‍മാര്‍ക്ക് 152 മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാം. ആദ്യഘട്ടത്തില്‍ ആകെ 1,478 സ്ഥാനാര്‍ഥികളുണ്ട്. ഇന്ന് 16 ജില്ലകളിലാണ് വോട്ടെടുപ്പ്. തുടര്‍ച്ചയായ നാലാംഭരണം ഉറപ്പിക്കാന്‍ തൃണമൂലിന് അതിര്‍ത്തി ജില്ലകളില്‍ അടക്കം വിജയം അനിവാര്യമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. സിപിഎമ്മും കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുന്ന ഏതാനും സീറ്റുകളിലും വോട്ടെടുപ്പ് തുടങ്ങി. 

മൂര്‍ഷിദാബാദ്, മാള്‍ഡ അടക്കം ജില്ലകളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. ബംഗാളില്‍ ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ളത് മൂര്‍ഷിദാബാദിലാണ്. ഭൂട്ടാന്‍, നേപ്പാൾ, ബംഗ്ലദേശ് രാജ്യാന്തര അതിർത്തികളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെയാണ് ബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്.

അടുത്ത ബുധനാഴ്ചയാണ് 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഇന്ന് പ്രചാരണത്തിനെത്തും. ജനാധിപത്യത്തിന്‍റെ ഉല്‍സവത്തില്‍ പങ്കാളികള്‍ ആകണമെന്നും യുവാക്കളും സ്ത്രീകളും കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

ENGLISH SUMMARY:

Polling is underway for the 2026 Tamil Nadu Assembly Elections across 234 constituencies, with over 5.73 crore voters deciding the fate of 4,834 candidates. Simultaneously, West Bengal begins its first phase of polling in 152 seats across 16 districts. High-profile leaders including CM M.K. Stalin, Edappadi K. Palaniswami, and TVK chief Vijay are expected to vote early. Tight security is in place with hundreds of central force companies deployed, especially in sensitive zones like Murshidabad in Bengal. Prime Minister Narendra Modi and Amit Shah continue campaigning for Bengal’s second phase scheduled for next Wednesday.