പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്രമ പരമ്പര. പോളിങിനിടെ ബിജെപി സ്ഥാനാര്‍ഥിയെ ആള്‍ക്കൂട്ടം പറമ്പിലൂടെ ഓടിച്ച് ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നു. കുമാര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ഥി സുബേന്ദു സര്‍ക്കാറിനെയാണ് ആള്‍കൂട്ടം ആക്രമിച്ചത്. 

സുബേന്ദു പറമ്പിലൂടെ ഓടുന്നതും പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസുകാരന്‍ ഓടുന്നതും വിഡിയോയിലുണ്ട്. കുറച്ചകലെ ആള്‍കൂട്ടം സ്ഥാനാര്‍ഥിയെ തടയുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥാനാര്‍ഥിയെ ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപണം. ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ബൂത്തിലേക്ക് പോയപ്പോഴാണ് ആക്രമണമെന്നും ബിജെപി ആരോപിച്ചു. 

10ഓളം പോളിങ് സ്റ്റേഷനുകളില്‍ ബിജെപി പോളിങ് ഏജന്‍റുമായി പുറത്താക്കിയെന്നും ഇതില്‍ ഇടപെടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നും സ്ഥാനാര്‍ഥി വിശദീകരിച്ചു. 24-ാം ബൂത്തിലെത്തി കാര്യങ്ങള്‍ തിരക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റതായും വാഹനം തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ആദ്യ ഘട്ട പോളിങിനിടെ വ്യാപക സംഘര്‍ഷവും അരങ്ങേറി. മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ്– എ.യു.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അസന്‍സോള്‍ സൗത്തില്‍ ബി.ജെ.പി. എം.എല്‍.എയുടെ കാര്‍ തകര്‍ത്തു. ബിര്‍ഭൂമില്‍ ആക്രമണത്തില്‍ ബി.ജെ.പി ബൂത്ത് ഏജന്‍റിന് ഗുരുതരമായി പരുക്കേറ്റു.

ENGLISH SUMMARY:

West Bengal election violence marked the polls with an attack on a BJP candidate, Subhendu Sarkar, in Kumarganj. The incident, attributed to Trinamool Congress workers by the BJP, involved a crowd chasing and assaulting the candidate and damaging his vehicle amidst allegations of polling irregularities.