മുന്നേറ്റം തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടയിലും പ്രവര്‍ത്തനം ശക്തമാക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി. ഹാക്ക് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം പേജ് വീണ്ടെടുത്തു. സി.ജെ.പിക്കായി എക്സില്‍ മാധ്യമ അക്കൗണ്ടും തുടങ്ങി. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ പിന്തുണയുമായി എത്തി. 

കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ട സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ നിയന്ത്രണം വീണ്ടെടുത്തെന്ന് സ്ഥാപകന്‍ അഭിജിത് ദിപ്കെയാണ് അറിയിച്ചത്. നിലവില്‍ പേജിന് 2.2 കോടി ഫോളോവേഴ്സുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ച ഔദ്യോഗിക എക്സ് അക്കൗണ്ടും വെബ്സൈറ്റും ഇപ്പോഴും ലഭ്യമല്ല. കൂടുതല്‍ ആളുകളുമായി ആശയ വിനിമയം നടത്താനും സംശയ നിവാരണത്തിനും ആയി CJP Commos എന്ന പേരില്‍ പുതിയൊരു എക്സ് അക്കൗണ്ടും തുടങ്ങി. സി.ജെ.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ വീണ്ടും രംഗത്തെത്തി. സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് പ്രകടമാകുന്നതെന്നും അതിനെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ചുവരെഴുത്തുകള്‍ വായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം എന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പോലുള്ളവരും സി.ജി.പിക്ക് പിന്തുണയുമായി എത്തിയിരുന്നു. പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് പേജ് ഫോളോ ചെയ്യന്നവരില്‍ ഏറെയും എന്ന ബി.ജെ.പി ആരോപണം ദീപ്കെ വീണ്ടും തള്ളി. 94 ശതമാനം ഫോളോവേഴ്സും ഇന്ത്യയില്‍ നിന്നാണെന്ന് പേജിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ചുകൊണ്ട് ദീപ്കെ പറഞ്ഞു.

ENGLISH SUMMARY:

Cockroach Janatha Party is strengthening its operations amid central government attempts to curb their progress. They have recovered their hacked Instagram page and launched a new media account on X for CJP, attracting support from more political leaders