ബംഗാള്‍ നിയമസഭയിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആവേശകരമായ പോളിങ്. ഒരുമണി വരെ 60 ശതമാനത്തിലേറെപ്പേര്‍ വോട്ടുരേഖപ്പെടുത്തി. രാവിലെ മുതല്‍ ബൂത്തുകളില്‍ നീണ്ട ക്യു ദൃശ്യമായി. അതേസമയം മൂര്‍ഷിദാബാദിലെ നൗഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്–എയുജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി ഈ പ്രദേശത്ത് ബോംബേറ് നടന്നിരുന്നു. സ്ഥലം സന്ദര്‍ശിക്കാന്‍ മണ്ഡലത്തിലെ എയുജെപി നേതാവ് ഹുമയൂണ്‍ കബീര്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഹുമയൂണ്‍ കബീറിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമായതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹുമയൂണ്‍ കബീര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനിഷ്ട സംഭവങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മറ്റിടങ്ങളിലെല്ലാം സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത്.
തമിഴ്നാട്ടിലും മികച്ച പോളിങ്. ഒരു മണി വരെ 56.81 ശതമാനം പോളിങ് രേഖപ്പെടുത്തി. വിജയ് മത്സരിക്കുന്ന പെരമ്പൂരിൽ 36.27 ശതമാനവും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ 37.24 ശതമാനവുമാണ് പതിനൊന്നുമണി വരെ പോളിങ്. മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂരിൽ 37.06 ശതമാനം വോട്ട് രേഖപ്പെടുത്തി. തമിഴ്നാട് ജയിക്കും എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രതികരണം. മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയുമൊത്ത് തേനാംപെട്ടിലെത്തിയാണ് സ്റ്റാലിന്‍ വോട്ടിട്ടത്. പ്രമുഖ നേതാക്കളും താരങ്ങളും രാവിലെ തന്നെ വോട്ടു ചെയ്തു. നടൻ അജിത് കുമാറാണ് സെലിബ്രിറ്റികളിൽ ആദ്യം വോട്ട് ചെയ്തത്.