mubarak-bhai-kerala-praise

നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ബംഗാളിലെത്തിയ മനോരമ ന്യൂസ് സംഘത്തെ കണ്ട വിശേഷങ്ങളുമായി മലയാളികളുടെ പ്രിയ്യപ്പെട്ട ബംഗാളി വ്‌ലോഗര്‍ മുബാറക് ഭായ്. ‘കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയിരിക്കുന്നു’ എന്നു പറഞ്ഞാണ് മുബാറക് വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കേരളം അടിപൊളിയാണെന്നും സ്വര്‍ഗം പോലെയാണെന്നും മുബാറക് മനോരമ ന്യൂസിനോട് പറയുകയും ചെയ്തു.

മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ജോസഫ് കെ. തോമസും ക്യാമറ മാന്‍ രജിത്തുമാണ് ബംഗാളില്‍ നിന്നും തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്‍റെ മീഡിയ സുഹൃത്തുക്കളെ ഇന്ത്യ– ബംഗ്ലദേശ് അതിര്‍ത്തി കാണിച്ചു നല്‍കിയെന്നും നാട്ടിലെ സ്പെഷല്‍ പേരക്ക വാങ്ങിനല്‍കിയെന്നുമെല്ലാം മുബാറക്ക് പുതിയ വ്‌ലോഗില്‍ പറയുന്നുണ്ട്. വോട്ട് ചെയ്യാൻ കേരളത്തിലെ ജോലിക്ക് ഇടവേള നൽകിയാണ് മുബാറക്കും സുഹൃത്തും ജന്മനാടായ മൂര്‍ഷിദാബാദിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം, എന്തുകൊണ്ട് കേരളത്തിൽ വന്ന് ജോലി ചെയ്യുന്നു എന്ന ചോദ്യത്തിന് കേരളവും മലയാളികളും അടിപൊളിയാണെന്നും മികച്ച ജോലി സാഹചര്യങ്ങളും കൂടുതല്‍ ശമ്പളവുമുണ്ടെന്നുമാണ് മുബാറക് പറയുന്നത്. ‘കേരളത്തില്‍ ചെയ്യുന്ന ജോലിക്ക് ബഹുമാനവും സ്നേഹവും ലഭിക്കും. കേരളം സ്വർഗ്ഗം പോലെയാണ്. സര്‍ക്കാര്‍ അടിപൊളിയാണ്. ഏത് സര്‍ക്കാര്‍ വന്നാലും കേരളം അടിപൊളിയാണ്’ മുബാറക് പറയുന്നു.

കേരളത്തില്‍ ടൈല്‍സിന്‍റെ ജോലികളാണ് ചെയ്യുന്നതെന്നും ജോലിയുടെ കോണ്‍ട്രാക്ടര്‍ ഉള്‍പ്പെടെ എല്ലാവരും സഹായിക്കാറുണ്ടെന്നും മുബാറകിന്‍റെ സുഹൃത്തും പറഞ്ഞു. ‘ഒരു ദിവസം ജോലി ചെയ്താല്‍ 1400 രൂപ കിട്ടും. അതേ ജോലി ഇവിടെ ചെയ്താല്‍ 700 രൂപയാണ് ലഭിക്കുക. മാത്രമല്ല രാവിലെ എട്ടര പോയാല്‍ അഞ്ചുമണിക്ക് മടങ്ങി വരാം. സ്ഥിരമായിട്ട് ജോലിയുമുണ്ടാകും. ആശുപത്രി ആവശ്യങ്ങള്‍ക്കും സഹായം കിട്ടും’– മുബാറകിന്‍റെ സുഹൃത്ത് പറഞ്ഞു.

ബംഗാളിനേക്കാള്‍ ജീവിക്കാന്‍ കേരളത്തിലാണ് സുഖമെന്നും ഇരുവരും പറയുന്നു. ‘കേരളത്തിലുള്ളവര്‍ക്ക് അഹങ്കാരം ഇല്ല. ഹിന്ദിക്കാരെന്നല്ല എല്ലാ ആൾക്കാരെയും അവര്‍ ബഹുമാനിക്കും. കോവിഡ് കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നു. അന്ന് ക്വാറെന്‍റൈനില്‍ പോകേണ്ടി വന്നു. പക്ഷേ എല്ലാവരും സഹായിച്ചു. കോഴിക്കോടും മലപ്പുറവും അടിപൊളി സ്ഥലങ്ങളാണ്. എല്ലാവരും സഹായിച്ചു’– മുബാറക് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അറിയാമെന്നും ഇരുവരും പറയുന്നു.

‘ബംഗാളും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം സര്‍ക്കാര്‍ ആണ്. പിന്നെ ആളുകള്‍ നല്ലതാണ്. ഇന്ന് പണിയെടുത്താൽ ഇന്ന് പൈസ കിട്ടും. ശമ്പളം ഗ്യാരണ്ടിയാണ്. ഇവിടെ ജോലി ചെയ്താല്‍ ഒരാഴ്ചയോ ചിലപ്പോള്‍ മാസങ്ങളോ കഴിഞ്ഞിട്ടേ ശമ്പളം കിട്ടൂ. പക്ഷേ കേരളത്തിൽ അങ്ങിനെയല്ല. കേരളത്തില്‍ പോലെ സര്‍ക്കാറുകള്‍ മാറി മാറി വരണം ഇവിടെയും. മാറ്റം നല്ലതാണ്’- ഇരുവരും പറയുന്നു. ‘ഇവിടെ ജോലിയില്ല. സർക്കാർ ജോലി ഒന്നും കിട്ടില്ല. അഴിമതിയും കൂടുതലാണ്. ബിഎ, എംഎ എല്ലാം പഠിച്ചവരുണ്ട്. പക്ഷേ ജോലി ഒന്നുമില്ല. അവരെല്ലാം ഇന്ന് കേരളത്തിലോ ദുബായിലെ ജോലി ചെയ്ത് ജീവിക്കുന്നു’– മുബാറകിന്‍റെ സുഹൃത്ത് പറഞ്ഞു.

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഇതരസംസ്ഥാന തൊഴിലാളിയും വ്ളോഗറുമാണ് മുബാറക് ഭായി. കൊല്‍ക്കത്തയില്‍ നിന്ന് വന്ന് മലപ്പുറത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന മുബാറക്കിനെ അറിയാത്തവര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലില്ല.

ENGLISH SUMMARY:

Renowned Bengali vlogger Mubarak Bhai, who lives in Kerala, recently hosted the Manorama News team in his hometown in Murshidabad during the West Bengal election coverage. In his latest Instagram vlog, Mubarak expressed his deep love for Kerala, calling it 'heaven' and praising the respectful work culture and better wages provided by Malayalis. Mubarak and his friend, who traveled home to vote, highlighted the stark differences in working conditions and government support between Bengal and Kerala. They noted that Kerala offers double the wages and guaranteed payment compared to their home state. Mubarak's video featuring reporter Joseph K. Thomas and cameraman Rajith is winning hearts across social media, showcasing the strong bond between Kerala and its guest workers.