വനിതാ സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതിനു പിന്നാലെഏറ്റുമുട്ടി ഭരണപ്രതിപക്ഷങ്ങള്‍; ജനാധിപത്യം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വനിതാ ബില്‍ പരാജയപ്പെടുത്തിയതിന്‍റെ പാപക്കറ കോണ്‍ഗ്രസിനെ വിട്ടുപോകില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു. പരസ്പരം തുറന്നുകാട്ടാന്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

വനിതാ സംവരണ ഭേദഗതി ബില്ലിന്റെ പരാജയം രാജ്യത്തിന്റെയുംജനാധിപത്യത്തിന്റെയും വിജയം എന്ന് പ്രിയങ്ക ഗാന്ധി. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ എക്കാലവും ബി.ജെ.പിക്ക് അധികാരത്തിൽ ഇരിക്കാനുള്ള പദ്ധതിയായിരുന്നു ബിൽ. ഭരണഘടനയെ തകർക്കാൻ ശ്രമിച്ച NDA ക്ക് ഏപ്രിൽ 17 ന് കറുത്ത ദിനമാണ്. സ്ത്രീകളുടെ മിശിഹയാകാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം എന്നും പ്രിയങ്ക ഗാന്ധി.

സർക്കാരിനെ തുറന്നുകാട്ടി രാജ്യവ്യാപക പ്രചാരണം നടത്താനാണ് ഇന്ത്യാസഖ്യത്തിന്‍റെ തീരുമാനം. 2023 ലെ വനിതാ സംവരണ നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കും. വനിതാ സംവരണ ചട്ടങ്ങൾ ഉടൻ രൂപീകരിക്കണം എന്നും ഇതിനായി സർവകക്ഷി യോഗം വിളിക്കണം എന്നും സി.പി.ഐ ആവശ്യപ്പെട്ടു. അതേസമയം പാര്‍ലമെന്‍റിലെ പരാജയത്തെ തിരഞ്ഞെടുപ്പുകളില്‍ നേട്ടമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം. വനിതാ സംവരണം മുടക്കിയെന്നാരോപിച്ച് ഇന്ത്യാ മുന്നണിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. വാര്‍ത്താ സമ്മേളനങ്ങള്‍, തെരുവില്‍ ഇറങ്ങിയുള്ള പ്രകടനങ്ങള്‍, സമൂഹമാധ്യമ പ്രചാരണം എന്നിവ ശക്തമാക്കാന്‍ തീരുമാനിച്ചു. വനിതകളുടെ കോപം കോണ്‍ഗ്രസ് അനുഭവിക്കേണ്ടിവരും എന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് ദേശീയ വനിതാ സംരംഭക ഉച്ചകോടിക്കിടെ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കറുത്ത ബാന്‍ഡ് ധരിച്ചാണ് എല്ലാവരും എത്തിയത്.

ENGLISH SUMMARY:

The Women's Reservation Bill's defeat in the Lok Sabha has sparked a political war between the ruling party and the opposition. Priyanka Gandhi stated that the government's attempt to undermine democracy was thwarted, while Union Minister Kiren Rijiju criticized Congress for the bill's failure.