പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന നിയമം പാസായ ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 140 സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ചേര്‍ന്ന് രംഗത്തിറക്കിയത് 46 വനിതകളെ മാത്രം. ആകെ സ്ഥാനാര്‍ഥികളുടെ 11 ശതമാനം. എല്‍ഡിഎഫാണ് കൂടുതല്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയത്. 18 പേര്‍. യുഡിഎഫ് പന്ത്രണ്ടും എന്‍ഡിഎ പതിനാറും വനിതാസ്ഥാനാര്‍ഥികളെ രംഗത്തിറക്കി.
കോങ്ങാട്ടെ പെണ്‍ പോര്
മൂന്ന് മുന്നണികളും വനിതാ സ്ഥാനാര്‍ഥികളെ ഇറക്കി ശ്രദ്ധ നേടിയ മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കോങ്ങാട്. സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിന്റെ കെ.ശാന്തകുമാരിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറിയും ചരിത്രാധ്യാപികയുമായ കെ.എ.തുളസിയെയാണ് യുഡിഎഫ് മല്‍സരിപ്പിച്ചത്. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് തുളസിയുടെ ഭര്‍ത്താവാണ്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷാണ് കോങ്ങാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി.
2021ല്‍ ശാന്തകുമാരി 49 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 27,219 വോട്ടായിരുന്നു ഭൂരിപക്ഷം. രേണു സുരേഷ് 2016 ലും കോങ്ങാട്ട് മല്‍സരിച്ചിരുന്നു. 10 ശതമാനം മാത്രമായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം 2016ല്‍ 18 ശതമാനമാക്കി ഉയര്‍ത്താന്‍ രേണുവിന് കഴിഞ്ഞിരുന്നു.
പേരാവൂരില്‍ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍.ബിന്ദുവും, ജെ.ചിഞ്ചുറാണിയും സ്വന്തം തട്ടകങ്ങളായ ആറന്‍മുളയിലും ഇരിങ്ങാലക്കുടയിലും ചടയമംഗലത്തും തന്നെ വീണ്ടും ജനവിധി തേടുന്നു. കായംകുളത്ത് യു.പ്രതിഭയെത്തന്നെയാണ് എല്‍ഡിഎഫ് ഇക്കുറിയും രംഗത്തിറക്കിയത്.
സിപിഎമ്മിലെ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധാകേന്ദ്രമായ തളിപ്പറമ്പില്‍ പി.കെ.ശ്യാമളയും കൊണ്ടോട്ടിയില്‍ മഞ്ചേരി ഏരിയ കമ്മിറ്റി അംഗവും കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍പഴ്‌സനുമായ പി.ജിജിയും എല്‍ഡിഎഫിനായി ജനവധി തേടി. നാദാപുരത്ത് അഡ്വ.പി.വസന്തം, കോട്ടയ്ക്കലില്‍ കുറ്റിപ്പുറം സ്വദേശി പ്രീതി കൊഞ്ചത്ത്, നാട്ടികയില്‍ ഗീതാ ഗോപി, വൈപ്പിനില്‍ എം.ബി.ഷൈനി, തൃക്കാക്കരയില്‍ അഡ്വക്കേറ്റ് പുഷ്പ ദാസ്, അരൂരില്‍ ദലീമ ജോജോ, കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മി, അടൂരില്‍ പ്രിജി കണ്ണന്‍, കരുനാഗപ്പള്ളിയില്‍ എം.എസ്.താര, ആറ്റിങ്ങലില്‍ ഒ.എസ്.അംബിക എന്നിവരും എല്‍ഡിഎഫിനായി മല്‍സരിച്ചു.
കൊല്ലത്ത് ബിന്ദു കൃഷ്ണ, കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് വിട്ടെത്തിയ അയിഷ പോറ്റി, ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ്, കൂത്തുപറമ്പില്‍ ജയന്തി രാജന്‍, മാനന്തവാടിയില്‍ ഉഷ വിജയന്‍, വടകരയില്‍ കെ.കെ.രമ, പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ, എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍,കോങ്ങാട് കെ.എ.തുളസി, തൃക്കാക്കരയില്‍ ഉമ തോമസ്, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, മാവേലിക്കരയില്‍ അഡ്വ.മുത്താര രാജ്, എന്നിവരാണ് യുഡിഎഫിനായി മല്‍സരിച്ച വനിതകള്‍.
പാലക്കാട് ശോഭ സുരേന്ദ്രന്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ, കാസര്‍കോട് എം.എല്‍.അശ്വനി, സുല്‍ത്താന്‍ ബത്തേരിയില്‍ എ.എസ്.കവിത, കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസ്, മലപ്പുറത്ത് അശ്വതി ഗുപ്തകുമാര്‍, താനൂരില്‍ ദീപ പുഴയ്ക്കല്‍, കോങ്ങാട് രേണു സുരേഷ്, കൈപ്പമംഗലത്ത് അതുല്യഘോഷ്, വൈപ്പിനില്‍ അനിത തോമസ്, തൃപ്പൂണിത്തുറ അഞ്ജലി നായര്‍, പറവൂരില്‍ വല്‍സല പ്രസന്നകുമാര്‍, ഉടുമ്പന്‍ചോലയില്‍ സംഗീത വിശ്വനാഥന്‍, ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍, കൊട്ടാരക്കരയില്‍ ആര്‍.രശ്മി, എന്നിവരാണ് എന്‍ഡിഎയ്ക്കായി മല്‍സരിച്ചത്.