തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാഹമോചന കേസിനെ പറ്റി വീണ്ടും പരോക്ഷ പ്രതികരണവുമായി തമിഴക വെട്രി കഴകം  അധ്യക്ഷൻ വിജയ്. തനിക്കെതിരെ എല്ലാ അടവുകളും പയറ്റിയിട്ടും ഏല്‍ക്കാത്തതിനാല്‍  ഏറ്റവും അടുത്ത് നില്‍ക്കുന്നവരേയും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് വിജയ് പറഞ്ഞു.   തിരുനൽവേലിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട്  വിജയ് പ്രതികരിച്ചത്. 

തിരഞ്ഞെടുപ്പിന് 30 ദിവസം മാത്രം ബാക്കിനിൽക്കെ, തന്‍റെ രാഷ്ട്രീയ എതിരാളികൾ തനിക്ക് ചുറ്റുമുള്ളവരെ ഉപയോഗിച്ച് വ്യക്തിപരമായ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യ സംഗീതയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഈ വിവാദങ്ങൾ തന്നെ തളർത്താനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കരൂർ സംഭവത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. പക്ഷേ അതിന്‍റെ കുറ്റം എന്‍റെ മേൽ ചുമത്തി. ഇത്ര വലിയ ആരോപണം ഉന്നയിച്ചിട്ടും ജനങ്ങള്‍ വിജയ്​ക്കൊപ്പം നിൽക്കുന്നു, ഇതെന്തൊരു അതിശയമാണ്. അത് ഏറ്റില്ല. ‘ജനനായകൻ’ തടയാൻ അവർ പദ്ധതിയിട്ടു. സിനിമ റിലീസ് വൈകിയാൽ ഞാൻ അസ്വസ്ഥനാകും എന്നാണ് അവർ കരുതിയത്. ഇതിന് പിന്നിൽ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മറ്റ് പാർട്ടികളെ ഒഴിവാക്കി, വിജയ്​യെ മാത്രം ലക്ഷ്യമാക്കി നിബന്ധനകളുണ്ടാക്കാം. പുറത്തേക്ക് വരാതെയും ആളുകളെ കാണാതെയും നോക്കാം, പക്ഷേ എന്താണ് സംഭവിച്ചത്? അതും ഫലിച്ചില്ല, വിജയ് പറഞ്ഞു. 

ഇനി എന്താണ് ചെയ്യേണ്ടത്, കൂടെയുണ്ടായിരുന്നവരെ വച്ച്, അതായത് ഇത്രയും വര്‍ഷം കാത്തിരുന്ന് തിരഞ്ഞെടുപ്പിന് 30 ദിവസത്തിന് മുന്‍പ്, ആ കറക്ട് സമയം നോക്കി, ഒരു വ്യാജ പ്രചരണം നടത്തി. ഏത് എന്താണെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. അതും ജനങ്ങള്‍ക്ക് മുന്‍പില്‍ ഏറ്റില്ല. തന്‍റെ വ്യക്തിപരമായ പ്രശ്നങ്ങൾ ആരാധകർ ഏറ്റെടുത്ത് വിഷമിക്കേണ്ടതില്ലെന്നും അവ താൻ തന്നെ നേരിട്ടുകൊള്ളാമെന്നും വിജയ് കൂട്ടിച്ചേർത്തു.

27 വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു സംഗീത സ്വർണലിംഗം ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. പിന്നാലെ നടി തൃഷ കൃഷ്ണനൊപ്പം വിജയ് ഒരു വിവാഹ ചടങ്ങനെത്തിയത് ശ്രദ്ധ നേടിയിരുന്നു.