തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാരിനെ ചൊടിപ്പിച്ച ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ അധികാരത്തിന്മേല്‍ കടന്നുകയറിയുള്ള ഗവര്‍ണറുടെ ഇടപെടല്‍ ടിവികെ സര്‍ക്കാരിനോടുള്ള ഗവര്‍ണറുടെ  നയംമാറ്റ സൂചനയാണ് നല്‍കുന്നത്. മധുരയില്‍ ഔദ്യോഗിക യോഗം ചേര്‍ന്നതിന് പിന്നാലെ  ലോക്ഭവനില്‍ പരാതിയുമായി ജനങ്ങള്‍ക്ക് വരാമെന്ന പ്രസ്‍താവനയും ഗവര്‍ണര്‍ നടത്തിയിരുന്നു.  

കേന്ദ്രത്തോട് ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ചാണ് വിജയ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. മുന്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ പോലെ സര്‍ക്കാരിനോട് കലഹിക്കാനില്ലെന്ന് സൂചിപ്പിച്ചായിരുന്നു തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സമീപനവും. എന്നാല്‍ ഈ മൃദുസമീപനം തുടരില്ലെന്ന് സൂചന നല്‍കുന്നതാണ് ഗവര്‍ണറുടെ പുതിയ നടപടി. കഴിഞ്ഞദിവസം മധുര ജില്ലയിലെ ഔദ്യോഗിക പരിപാടിക്കെത്തിയപ്പോഴായിരുന്നു  രാജേന്ദ്ര ആര്‍ലേക്കര്‍ ഉദ്യോഗസ്ഥരുടെ യോഗം  വിളിച്ചത്. ജില്ലാ കലക്ടര്‍ , സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചത്. യോഗത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും പൊതുജനാരോഗ്യ വിഷയങ്ങളും ഉള്‍പ്പെടെ ചര്‍ച്ചയായെന്നാണ് വിവരം. ഇതിനുപുറമേ പരിപാടിയിലെ പ്രസംഗത്തില്‍ വൈഗ നദിയെ കുറിച്ചും ഗവര്‍ണര്‍ പരാമര്‍ശം നടത്തിയിരുന്നു. വൈഗ നദി പുനരുജ്ജീവനം നടത്താന്‍ ആരും തയാറായില്ലെങ്കില്‍ ലോക്ഭവന്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

 ഇതോടെയാണ് ഗവര്‍ണറുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നത്. ഇതിനിടെ വിജയ്‌ സര്‍ക്കാരിനെതിരെയുള്ള സംസ്ഥാന ബിജെപിയുടേതടക്കം പാര്‍ട്ടികളുടെ പരാതികള്‍ ഗവര്‍ണര്‍ ഇന്നലെ സ്വീകരിച്ചിരുന്നു. ടിവികെ സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയിരുന്ന ഗവര്‍ണറാണ് സര്‍ക്കാരിന്‍റെ ഭരണകാര്യങ്ങളില്‍ കൈ കടത്തി സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിന് തുടക്കമിട്ടിരിക്കുന്നത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് ഗവര്‍ണറുടെ വിവാദ ഇടപെടലുകളെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അധികാര പരിധിയിലേക്കുള്ള  ഗവര്‍ണറുടെ കടന്നുകയറ്റത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Tamil Nadu Governor's recent actions have sparked significant debate, indicating a potential shift in his approach towards the state government. These developments follow his meeting with Union Home Minister Amit Shah, raising questions about inter-governmental dynamics.