Image credit: X
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് നായകനായ 'ജനനായകൻ' ഓണ്‍ലൈനില്‍ ചോര്‍ത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ജൂലൈ 2 ന് ജസ്റ്റിസ് സി. കുമാരപ്പനാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ 21 പ്രതികളിൽ നാലാം പ്രതിയായ എസ്.രജനിയും പതിനൊന്നാമത്തെ പ്രതിയായ ജയപ്രകാശുമാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
റിലീസിന് മുന്‍പേ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഭീമമായ നഷ്ടമാണ് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഏകദേശം 1.2 കോടി ആളുകൾ സിനിമ ഓൺലൈനായി കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ആശങ്കയും പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ജാമ്യേപേക്ഷ തളളിയത്. കേസില്‍ പ്രാഥമിക കുറ്റപത്രം മാത്രമാണ് ഇപ്പോൾ സമർപ്പിച്ചിട്ടുള്ളതെന്നും, അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ അന്തിമ കുറ്റപത്രം സമർപ്പിക്കുകയുള്ളൂവെന്ന് പൊലീസും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപാണ് ജനനായകൻ ചോർന്നത്. ഫ്രീലാൻസ് ഫിലിം എഡിറ്ററായ ഒന്നാം പ്രതി എഡിറ്റിങ് സ്യൂട്ടിൽ നിന്ന് സിനിമയുടെ ക്ലിപ്പുകൾ അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതിയും സഹോദരന്മാരും ചേർന്ന് ഈ ക്ലിപ്പുകൾ കൂട്ടിച്ചേർത്ത് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു. ഇവിടെ നിന്നാണ് സിനിമ 'തമിഴ് റോക്കേഴ്സ്' പോലുള്ള പൈറസി വെബ്സൈറ്റുകളിലേക്ക് എത്തിയത്. പിന്നാലെ സിനിമയുടെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
അതേസമയം, ജൂലൈയില്‍ തന്നെ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റി ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് 'ദി ഹിന്ദു'വും റിപ്പോർട്ട് ചെയ്തു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യത.
ഈ വര്‍ഷം ജനുവരി ഒന്‍പതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങൾ കാരണം മാറ്റിവക്കുകയായിരുന്നു. പിന്നീട് മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. റിലീസ് വൈകുന്നതിനെതിരെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. എന്നാൽ പിന്നീട് സെൻസർ ബോർഡുമായി സഹകരിച്ച് മാറ്റങ്ങൾ വരുത്താനായി നിർമാതാക്കൾ കോടതി ഹർജികൾ പിൻവലിക്കുകയായിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.