തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ നായകനായെത്തിയ അവസാന ചിത്രം 'ജനനായകൻ' ഒടുവില്‍ തിയേറ്ററുകളിലേക്ക്. ജൂലൈയില്‍ തന്നെ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റി ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യത. 

ഈ വര്‍ഷം ജനുവരി ഒന്‍പതിന് പൊങ്കൽ റിലീസി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങൾ കാരണം മാറ്റിവക്കുകയായിരുന്നു. പിന്നീട് മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. റിലീസ് വൈകുന്നതിനെതിരെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. എന്നാൽ പിന്നീട് സെൻസർ ബോർഡുമായി സഹകരിച്ച് മാറ്റങ്ങൾ വരുത്താനായി നിർമാതാക്കൾ കോടതി ഹർജികൾ പിൻവലിക്കുകയായിരുന്നു. 

ഇതിനിടയ്​ക്ക് ചിത്രം ഓണ്‍ലൈനില്‍ ലീക്കാകുകയും ചെയ്തിരുന്നു. തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ പിന്നിൽ പ്രവർത്തിച്ച 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

ENGLISH SUMMARY:

Vijay's last film, 'Jana Nayagan', is finally heading to theaters with reports suggesting a July release. The movie, which faced censorship issues and a leak, has now received approval from the revising committee, with a censor certificate expected soon.