ഇളയദളപതി വിജയ്​ തമിഴ്നാടിന്‍റെ മുതലമൈച്ചരായത് തൃഷയുടെ 'ഐശ്വര്യം' കൊണ്ടാണെന്ന് കരുതുന്നവരുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സംഭവം സത്യമാണ്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരൈക്കുടി കോർപ്പറേഷന്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം ഒരു വിചിത്രമായ ആവശ്യം ഉയര്‍ന്നു...'കൗണ്‍സില്‍ ഹാളിലെ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ചിത്രത്തിനൊപ്പം നടി തൃഷയുടെ ചിത്രവും തൂക്കണം'! കൗണ്‍സിലര്‍ മെയ്യാര്‍ ആണ് യോഗത്തിന് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്. വിജയ് മുഖ്യമന്ത്രിയായതിന് പിന്നില്‍ തൃഷയ്ക്ക് വലിയ പങ്കുണ്ടെന്നും അതിന്‍റെ നന്ദിസൂചകമായി ചിത്രം തൂക്കണമെന്നുമാണ് മെയ്യാര്‍ പറയുന്നത്.

തമാശയായി തുടങ്ങിയ ചര്‍ച്ച വളരെ പെട്ടെന്ന് സീരിയസായി. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ചിത്രം ഹാളില്‍ സ്ഥാപിക്കണമെന്ന് അണ്ണാ ഡിഎംകെ അംഗം ആവശ്യപ്പെട്ടു. ഉടന്‍ ചിത്രം എത്തിച്ച് മുഖ്യമന്ത്രി വിജയിയുടെ ചിത്രത്തിന് സമീപം തൂക്കുകയും ചെയ്തു. എം.കെ സ്റ്റാലിന്‍റെ ചിത്രം തൂക്കാന്‍ ഡിഎംകെ അംഗങ്ങള്‍ ശ്രമിച്ചെങ്കിലും ആദ്യം ഫോട്ടോ കിട്ടിയില്ല. പിന്നെ ഒരംഗം പുറത്തുനിന്ന് ചിത്രംവരുത്തി തൂക്കി. ഫോട്ടോതര്‍ക്കം കൊഴുക്കുകയും കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ട് പിരിയുകയും ചെയ്തു. അപ്പോഴും ഇതിനെല്ലാം തുടക്കമിട്ട തൃഷയുടെ ചിത്രം മാത്രം ചുമരിലെത്തിയില്ല. ആവശ്യം ഉന്നയിച്ചതല്ലാതെ ഫൊട്ടോ കൈയില്‍ കരുതാത്തതാണ് അംഗത്തിന് തിരിച്ചടിയായത്. അടുത്ത ദിവസങ്ങളില്‍തന്നെ ഫോട്ടോ എത്തിച്ച് തൂക്കുമെന്ന് പ്രഖ്യാപിച്ചാണ് അംഗം മടങ്ങിയത്.

ഫോട്ടോ രാഷ്ട്രീയം വാഴ്ക

തമിഴ്നാട് രാഷ്ട്രീയത്തിൽ നേതാക്കളുടെ ചിത്രങ്ങൾ കേവലം അലങ്കാരങ്ങളല്ല, മറിച്ച് ശക്തമായ രാഷ്ട്രീയ ഭാഷയും ആശയവിനിമയ ഉപാധിയുമാണ്. നേതാക്കളുടെ മുഖം കണ്ടാണ് പാർട്ടിയെയും പ്രത്യയശാസ്ത്രത്തെയും തിരിച്ചറിയുന്നത്. എംജിആർ, കരുണാനിധി, ജയലളിത തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ജനമനസ്സിൽ പതിഞ്ഞ ചിഹ്നങ്ങളാണ്. ആ ശ്രേണിയിലേക്കാണ് ഇപ്പോള്‍ മുഖ്യമന്ത്രി ജോസഫ് വിജയും ഉയര്‍ന്നത്. 

മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രിക്ക് വേണ്ടപെട്ടവരുടെ ഫോട്ടോയും വയ്ക്കണമെന്ന് അണികള്‍ ചിന്തിക്കുന്നത് ആദ്യയിട്ടല്ല. എംജിആറിനൊപ്പം ജയലളിതയുടെ ചിത്രവും എളപ്പാടി പളനിസ്വാമിക്കൊപ്പം ശശികലയുടെയും ചിത്രങ്ങള്‍ മനസിലും ചുമരിലും തൂക്കിയവരാണ് തമിഴ് ജനത. കുറഞ്ഞ ചെലവിലുള്ള പ്രചാരണ മാര്‍ഗമായി നേതാക്കളുടെ ചിത്രങ്ങളെ അണികളും കാണുന്നു. നേതാക്കളുടെ ചിത്രം പോക്കറ്റില്‍ സൂക്ഷിക്കുന്നത് വൈകാരിക അടയാളമാണ്. ചെറിയ പെട്ടിക്കടകള്‍ മുതല്‍ മണിമാളികളില്‍വരെ നേതാക്കളുടെ ചിത്രം തമിഴ്നാട്ടിലെ പൊതുകാഴ്ചയാകുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.

ENGLISH SUMMARY:

A bizarre political dispute disrupted proceedings at the Karaikudi Corporation council meeting in Tamil Nadu's Sivaganga district over a demand regarding celebrity portraits. The commotion began when Councillor Meyyar officially requested that a portrait of popular actress Trisha be placed directly alongside the official photograph of Chief Minister Joseph Vijay in the council hall. Meyyar seriously argued that Trisha's presence acted as a lucky charm and played an instrumental role in Vijay's rise to the position of Chief Minister. The unconventional proposal quickly triggered a competitive wave of portrait politics within the chamber as rival political parties scrambled to assert their presence. AIADMK representatives rushed to hang a picture of former Chief Minister Edappadi K. Palaniswami, while DMK members quickly sourced and mounted a portrait of M.K. Stalin near the Chief Minister's frame. While the council meeting ultimately degenerated into complete chaos and had to be adjourned, Meyyar vowed to return to the next session with a physical photograph of the actress to fulfill his demand.