TAGS

നിയമസഭയില്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തിയ കുട്ടിക്കഥയില്‍ വിമര്‍ശനവുമായി സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവൻ. മുന്‍മുഖ്യമന്ത്രി സ്റ്റാലിനെ പരിഹസിച്ച് നടത്തിയ കുട്ടിക്കഥയിലാണ് വിമര്‍ശനവുമായി സഖ്യകക്ഷി തന്നെ രംഗത്തെത്തിയത്.

നിയമസഭയുടെയും താൻ വഹിക്കുന്ന പദവിയുടെയും അന്തസ്സ് സൂക്ഷിക്കാൻ വിജയ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി യോഗങ്ങളിൽ പോലും ഇത്തരം തരംതാണ പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. വിജയ് തന്റെ പദവിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും തിരുമാവളവന്‍ കൂട്ടിച്ചേർത്തു.

സ്റ്റാലിനേയും ഉദയനിധിയേയും പരിഹസിച്ചായിരുന്നു വിജയ്​യുടെ കഥ. പാടത്ത് ഒറ്റയ്ക്കു നിൽക്കുന്ന മുതിർന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടിയെന്നായിരുന്നു കഥ. ഇതിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിന്‍ കാണിച്ച മാസ് ആക്ഷൻ അനുകരിച്ചാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. 

‘ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’യുണ്ടെന്ന് പറഞ്ഞാണ് ഉദയനിധി വിജയ്ക്ക് തിരിച്ചടി നല്‍കിയത്. 

മുഖ്യമന്ത്രി സഭയേയും സിനിമാ തിയേറ്ററാക്കുകയാണെന്നും ഉദയനിധി പറഞ്ഞു. ഓഡിയോ ലോഞ്ചിലും ട്രെയിലര്‍ ലോഞ്ചിലും ഇതാണ് അദ്ദേഹത്തിന്‍റെ പണി. അത് തന്നെയാണ് ഇവിടെയും കാണിക്കുന്നത്. സഭാമന്ദിരത്തെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റി. വിസിലടിക്കാന്‍ തുടങ്ങി. ഇനി ഡാന്‍സും കളിക്കുമെന്നാണ് വിചാരിക്കുന്നത്. പാട്ട് വച്ച് ഐറ്റം ഡാന്‍സ് കളിക്കുമായിരിക്കുമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു.

ENGLISH SUMMARY:

Tamil Nadu CM Vijay's assembly speech has drawn criticism from ally VCK leader Thol Thirumavalavan. The criticism stems from a story Vijay narrated that seemed to mock former CM Stalin, prompting calls for Vijay to uphold the dignity of the assembly and his position.