Image: Social Media

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും മകൻ ജേസൺ സഞ്ജയ്‌യും തമ്മിലുള്ള ബന്ധം ഇപ്പോളും സോഷ്യല്‍ ലോകത്ത് ചര്‍ച്ചാവിഷയമാണ്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാര്യ സംഗീതയും മകന്‍ ജേസണും മകള്‍ ദിവ്യയും പങ്കെടുക്കാതിരുന്നതും ജേസണ്‍ തന്‍റെ പേരിന്‍റെ ഇനീഷ്യലിൽ വിജയ്‌യുടെ വി മാറ്റി അമ്മയുടെ പേരിന്‍റെ ആദ്യാക്ഷരമായ എസ് ഉപയോഗിക്കാന്‍ തുടങ്ങിയതുമെല്ലാം വാര്‍ത്തയായിരുന്നു. നേരത്തേ തന്നെ ജേസണ്‍ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. വിജയ്‌യും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ വിള്ളലുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ഇപ്പോളിതാ അച്ഛന്റെ ഒരു ആരാധകൻ തന്നെ ഒരിക്കൽ 'തട്ടിക്കൊണ്ടുപോയതിനെ'ക്കുറിച്ച് ജേസൺ സംസാരിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

ഗലാട്ടയാണ് വിഡിയോ പുറത്തുവിട്ടത്. താന്‍ സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് ഗലാട്ടയോട് ജേസണ്‍ പങ്കുവച്ചത്. സ്കൂളിൽ നിന്ന് അച്ഛൻ വിജയ്‌യുടെ സുരക്ഷാ ജീവനക്കാരാണ് അന്നെല്ലാം ജേസണെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ളത്. എന്നാൽ ഒരു ദിവസം, സെക്യൂരിറ്റി ജീവനക്കാർക്ക് പകരം അച്ഛന്റെ കടുത്ത ആരാധകനായ ഒരാൾ വന്ന് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും, അയാള്‍ തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതി താൻ പേടിച്ചുപോയെന്നും ജേസൺ പറയുന്നു. പിന്നീട് സിനിമാ സെറ്റിൽ വെച്ച് ആ വ്യക്തിയെ കണ്ടപ്പോഴാണ് ജേസണ്‍ എല്ലാം വീണ്ടും ഓര്‍ത്തത്. വിജയ്‌യെ ഒന്നു കാണാൻ വേണ്ടി മാത്രമായിരുന്നു ആ ആരാധകന്‍റെ ശ്രമം.

തമാശരൂപേണയാണ് നടന്ന സംഭവത്തെ കുറിച്ച് ജേസണ്‍ വിവരിച്ചത്. മാത്രമല്ല നടൻ ജെമിനി മണിയുടെ പിതാവായിരുന്നു ആ ആരാധകന്‍. രസകരമായ കാര്യമെന്തെന്നാല്‍ ഈ വിഡിയോ ഷൂട്ട് ചെയ്ത ആൾ തന്നെയാണ് അന്ന് കുഞ്ഞു ജേസണിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതും. അയാൾ തന്നെ ആ കഥ വിവരിക്കുകയും ചെയ്തു. താൻ വിജയ്‌യുടെ കടുത്ത ആരാധകനാണ്. വിജയ്‌യെ കാണാൻ വളരെ ആഗ്രഹിച്ചിരുന്നു. അതിനാലാണ് വിജയ്‌യുടെ മകനെ എടുത്തുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വിജയ്‌യുടെ കുടുംബജീവിതവും വാർത്തകളിൽ നിറയുകയാണ്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് നടക്കുന്നതിനാൽ, സത്യപ്രതിജ്ഞാ ചടങ്ങിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും പങ്കെടുത്തിരുന്നില്ല. മാത്രമല്ല പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ വളരെ ശ്രദ്ധയോടെയും പരിമിതമായും മാത്രമാണ് ജേസണ്‍ സംസാരിക്കുന്നതെന്നും സോഷ്യൽ ലോകം ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന ജേസണിന്‍റെ ആദ്യ ചിത്രമായ 'സിഗ്മ' ജൂലൈ 31-ന് തിയേറ്ററുകളിലെത്തും. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിൽ ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ENGLISH SUMMARY:

Jason Sanjay shares a viral story about being 'kidnapped' by a die-hard Vijay fan. Discover the details of his interview, his upcoming film 'Sigma', and the ongoing discussions about his relationship with CM Vijay.