YC

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് നാല് ദിവസത്തേക്ക് ഡൽഹി പൊലീസ് കസ്റ്റഡിയിൽ. എഐ ഉച്ചകോടിക്കിടയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പുലർച്ചയാണ് ചിബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സർക്കാരിൻറെ ഭീരുത്വം വ്യക്തമാകുന്നുവെന്നും സത്യം വിളിച്ചു പറയുന്നതാണ് രാജ്യസ്നേഹം എന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കോടതിയില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു.

എഐ ഉച്ചകോടിക്കിടയിലെ പ്രതിഷേധ കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ ഇന്നലെ ഉച്ചയ്ക്കാണ് ഐവൈസി ആസ്ഥാനത്തുനിന്ന് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. 15 മണിക്കൂറിന് ശേഷം പുലർച്ചെ നാലരക്കാണ് ഡൽഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തുമണിയോടെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. ചിബാണ് മുഖ്യ ആസൂത്രകൻ എന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

ഇന്ത്യ - US വ്യാപാര കരാർ വഴി രാജ്യതാൽപര്യങ്ങൾ അടിയറവ് വെച്ച പ്രധാനമന്ത്രിയെയും സർക്കാരിനെയും തുറന്നുകാട്ടുന്നതിന് ഭയം വേണ്ടെന്നും സത്യവും ഭരണഘടനയും ഒപ്പമുണ്ട് എന്നും അറസ്റ്റിനെ അപലപിച്ച രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കോൺഗ്രസുകാർ ഭീരുക്കൾ അല്ലെന്ന് മല്ലികാർജുൻ ഖർഗെ. പാർട്ടി ഒറ്റക്കെട്ടായി യൂത്ത് കോൺഗ്രസിനൊപ്പം ഉണ്ടെന്ന് നേതാക്കൾ പറഞ്ഞു. 

വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രിയെ ഉച്ചത്തിൽ ശബ്ദമുയർത്തി തുറന്നു കാട്ടുമെന്ന് യൂത്ത് കോൺഗ്രസ്. പുൽവാമ, പഹൽഗാം, ചെങ്കോട്ട സ്‌ഫോടനങ്ങൾക്ക് പിന്നിലുള്ള എല്ലാ തീവ്രവാദികളെയും അറസ്റ്റ് ചെയ്‌തോ എന്ന് പവർ ഖേര ചോദിച്ചു. രാജ്യത്തെ അപമാനിച്ചവർക്ക് തക്കശിക്ഷ ലഭിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Youth Congress President Uday Bhanu Chib has been taken into four-day custody by Delhi Police following a protest during the AI summit. This arrest has sparked strong reactions from Congress leaders, with Rahul Gandhi asserting that speaking truth is patriotism.