നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ മുന്നണിയിലെ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നു. മുസ്‌ലിം ലീഗ്, എംഡിഎംകെ, മനിതനേയ മക്കൾ കക്ഷി എന്നിവരുമായുള്ള ആദ്യഘട്ട ചർച്ച പൂർത്തിയായി. മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ഡിഎംകെ ആലോചന.
ലീഗും മനിതനേയ മക്കൾ കക്ഷിയും 5 സീറ്റുകള്‍ വീതമാണ് ആവശ്യപ്പെട്ടത്. എന്നാൽ, ലീഗിനു പരമാവധി 2 സീറ്റുകൾ മാത്രമേ ഇത്തവണ നൽകാനാകൂവെന്നാണ് ഡിഎംകെയുടെ നിലപാട്. കോണി ചിഹ്നത്തിൽ ലീഗ് മൽസരിക്കാനൊരുങ്ങുമ്പോൾ മനിതനേയ മക്കൾ കക്ഷി എല്ലാ സീറ്റിലും ഡിഎംകെ ചിഹ്നത്തിൽ തന്നെ മൽസരിക്കാനാണ് നീക്കം. എംഡിഎംകെയും അധിക സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പാർട്ടികളുമായുള്ള ചർച്ച വരും ദിവസം തുടരും.
അതേസമയം, സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 39 സീറ്റും 2 രാജ്യസഭാ സീറ്റുകളും ആവശ്യപ്പെട്ടന്ന വിവരം പുറത്തു വന്നിരുന്നു. എന്നാൽ, കഴിഞ്ഞ തവണ നൽകിയ 25 സീറ്റുകളും 1 രാജ്യസഭാ സീറ്റും മാത്രമേ ഇത്തവണയും നൽകാനാകൂവെന്ന് ഡിഎംകെ വ്യക്തമാക്കി.
കോൺഗ്രസുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കണ്ടിരുന്നു. കോൺഗ്രസ് ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് പിസിസി അധ്യക്ഷൻ സെൽവപെരുന്തഗെ പറഞ്ഞു. പുതിയ കക്ഷികൾ സഖ്യത്തിലെത്തിയതോടെ ഡിഎംകെയും ആകെ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്.