നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി എംപിക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതി നല്‍കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കം ശ്രദ്ധേയമാകുന്നു. കൊൽക്കത്തയിലെ ദേശപ്രിയ പാർക്കിൽ നടന്ന മാതൃഭാഷാദിന പരിപാടിയിൽ 25 പ്രമുഖരെ സര്‍ക്കാര്‍ വേദിയിലെത്തിച്ചു. ഗായകരായ നചികേത ചക്രബര്‍ത്തി, ലോപമുദ്ര മിത്ര, ബാബുല്‍ സുപ്രിയോ, ഇമാന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പം ബിജെപി എംപി നാഗേന്‍ റോയ് കൂടിയുണ്ടായിരുന്നു. 

അനന്ത മഹാരാജ് എന്നുകൂടി അറിയപ്പെടുന്ന നാഗേന്‍ റോയിക്കാണ്  പശ്ചിമ ബംഗാളിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ബംഗ വിഭൂഷന്‍’ നല്‍കി ആദരിച്ചത്. അതേസമയം ബിജെപി എംപിയെ നിര്‍ത്തിയുള്ള മമതയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചര്‍ച്ചയാകുന്നത്. വടക്കന്‍ ബംഗാളില്‍ ശക്തമായ സ്വാധീനമുള്ള രാജബംശി സമൂഹത്തിലെ പ്രധാന നേതാവാണ് നാഗേന്‍ റോയ്. കഴിഞ്ഞ തിര‍ഞ്ഞെടുപ്പുകളില്‍ ബിജെപി ഈ ഭാഗങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചിരുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് കിതയ്ക്കുന്ന മേഖലകള്‍ കൂടിയാണിവ.

ഇക്കാരണത്താലാണ് ബിജെപി എംപിയെ കുപ്പിയിലാക്കാനുള്ള മമതയുടെ ശ്രമമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 2023ല്‍ രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദേശം ചെയ്തതാണ് നാഗേന്‍ റോയിയെ. ഈ ബഹുമതി അദ്ദേഹത്തിനു നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മമതാ ബാനര്‍ജി പറയുന്നു. 

 

രാജബംശി ഭാഷയ്ക്കും സംസ്കാരത്തിനും അദ്ദേഹം നല്‍കിയ സേവനം മറക്കാനാകില്ല, തുടര്‍ന്നും രാജബംശി സമൂഹത്തില്‍ സജീവമായ പ്രവര്‍ത്തനം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും മമത പറയുന്നു. അതേസമയം താന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ച ബഹുമതിയല്ല ഇതെന്നായിരുന്നു നാഗേന്‍ റോയിയുടെ പ്രതികരണം. പാര്‍ട്ടി മാറാന്‍ ഉദ്ദേശ്യമില്ലെന്നും നാഗേന്‍ പ്രതികരിച്ചു. വിഷയം പശ്ചിമബംഗാളില്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്.  

Mamata Banerjee Awards BJP MP Highest State Honour: