ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ ക്ഷീണം പ്രവര്‍ത്തകരെ ഇതുവരെയും വിട്ടുമാറിയിട്ടില്ല. മമതയെ സ്വന്തം തട്ടകത്തില്‍ മലര്‍ത്തിയടിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പാലിച്ചിരിക്കുകയാണ് ഭബനിപുരില്‍ സുവേന്ദു അധികാരി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട ബൂത്ത് തല കണക്കുകളിലാണ് സ്വന്തം വാര്‍ഡില്‍ പോലും മമതയ്ക്ക് ആധിപത്യമില്ലെന്ന് തെളിഞ്ഞത്. മണ്ഡലത്തിലെ 267 ബൂത്തുകളില്‍ 207ലും സുവേന്ദു അധികാരിയുടെ തേരോട്ടമായിരുന്നു. 50 വോട്ടുകള്‍ പോലും ചില ബൂത്തുകളില്‍ മമതയ്ക്ക് തികച്ച് നേടാനായില്ലെന്നും കണക്കുകള്‍ പറയുന്നു.
മമതയുെട കാളിഘട്ട് വസതിയുള്ളത് 73–ാം വാര്‍ഡിലാണ്. ഇവിടെ 4284 വോട്ടുകള്‍ മാത്രമാണ് മമതയ്ക്ക് നേടാന്‍ കഴിഞ്ഞത്. സുവേന്ദു നേടിയതാവട്ടെ 8932 വോട്ടുകളും. 'മമതയെ അവരുടെ വീട്ടില്‍ തന്നെ തോല്‍പ്പിക്കണം' എന്നായിരുന്നു ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സുവേന്ദുവിനോട് നിര്‍ദേശിച്ചതെന്നായിരുന്നു അമിത് ഷാ ബിജെപി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
മമതയുടെ കാളിഘട്ടില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സുവേന്ദുവിന്‍റെ വീട്. ഈ വാര്‍ഡില്‍ യാതൊരു രാഷ്ട്രീയ ബന്ധങ്ങളോ, സംഘടനാബന്ധങ്ങളോ സുവേന്ദുവിനുണ്ടായിരുന്നില്ല. എന്നിട്ടും മമതയുടെ ഇരട്ടിവോട്ട് സുവേന്ദു നേടിയതിന്‍റെ അമ്പരപ്പിലാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍. വോട്ടുവിഹിതത്തിന്‍റെ 63 ശതമാനവും സുവേന്ദു അധികാരി സ്വന്തമാക്കിയപ്പോള്‍ മമതയുടെ വോട്ടുവിഹിതം 30 ശതമാനത്തിലേക്ക് ചുരുങ്ങി.