Image Credit: Facebook.com/leemaroseijk

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്‍റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍. എൻഡിഎ സഖ്യകക്ഷിയായ ഇന്ദിയ ജനനായഗ കാച്ചി (ഐജെകെ) യുടെ ജോയിന്‍റ് ജനറൽ സെക്രട്ടറി സ്ഥാനം കഴിഞ്ഞ ദിവസമാണ് ലീമ രാജിവച്ചത്. 14 വർഷത്തിന് ശേഷമാണ് പാര്‍ട്ടി വിട്ട ലീമ കഴിഞ്ഞ മാസം പുതുച്ചേരിയിൽ മകൻ ജോസ് ചാൾസ് മാർട്ടിൻ രൂപീകരിച്ച ലാച്ചിയ ജനനായഗ കച്ചി (എൽജെകെ)യുടെ തമിഴ്‌നാട് ഘടകം  ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 

പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയിലേക്ക് എത്താനാണ് ശ്രമം. ഇതിന്‍റെ ഭാഗമായി എഐഎഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടക്കുകയാണ്.  ബിജെപിയുമയുള്ള ചര്‍ച്ചയില്‍ പാര്‍ട്ടിക്ക് ഇതിനോടകം ഒരു സീറ്റ് ഉറപ്പിക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ലീമ എഐഎഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കും. 

നിലവില്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ ആണ് ലീമയ്ക്ക് താല്‍പര്യം. സമീപ ജില്ലകളിലെ അഞ്ചു മണ്ഡലങ്ങളില്‍ കൂടി പ്രചാരണത്തിനുള്ള സഹായങ്ങള്‍ ഉറപ്പാക്കാനാകും എന്നാണ് ലീമ എഐഎഡിഎം നേതൃത്വത്തെ അറിയിച്ചത്. പരിഗണിക്കുന്ന മറ്റൊരു മണ്ഡലം സ്വന്തം നാടായ രാമനാഥപുറത്തെ തിരുവടാണിയാണ്. തിരുവടാണിയിൽ, മാർട്ടിൻ ഫൗണ്ടേഷന്‍റെ ഭാഗമായി ലീമ മാർട്ടിൻ ഹെൽത്ത് സെന്റർ സ്ഥാപിച്ചതുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. 

ബിസിനസ് താല്‍പര്യങ്ങള്‍ക്ക് അപ്പുറം കാര്യമായ വോട്ട് വിഹിതങ്ങളൊന്നുമില്ലാത്ത പാര്‍ട്ടിയാണ് ഐജെപിയും  എല്‍ജെപിയും. എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എസ്ആര്‍എം ഗ്രൂപ്പ് ഉടമ പാരിവേന്ദരാണ് ഐജെപി സ്ഥാപിച്ചത്. എല്‍ജെപി മാര്‍ട്ടിന്‍ കുടുംബത്തിന്‍റെ ബിസിനസ് താല്‍പര്യത്തോട് തേര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയിലെ സ്വകാര്യ ലോട്ടറി സെക്ടറിലെ വലിയ സാന്നിധ്യമാണ് മാര്‍ട്ടിന്‍ ഗ്രൂപ്പ്. 15,000 കോടിയുടെ വാര്‍ഷിക ലോട്ടറി വിറ്റുവരവ് കമ്പനിക്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയ വിവരം. 2019-2024 വരെ 1368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് മാര്‍ട്ടിന്‍ ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

Leema Rose Martin, wife of lottery king Santiago Martin, is forming a new political party in Tamil Nadu ahead of the assembly elections. She recently resigned from her joint general secretary position in the NDA constituent Indian Jananayaga Katchi (IJK) and is expected to launch the Tamil Nadu chapter of Lachia Jananayaga Katchi (LJK), formed by her son, aiming to join the NDA.