തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടിയുള്ള തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍യുടെ നീക്കത്തിന് തിരിച്ചടി. 118പേരുടെ പിന്തുണ തെളിയിച്ചശേഷമേ അനുമതി നല്‍കാനാകൂയെന്ന് ഗവര്‍ണര്‍. നിലവില്‍ 118 പേരുടെ പിന്തുണ ഉറപ്പാക്കാനായിട്ടില്ലെന്നും ഗവര്‍ണര്‍. ഇതോടെ നാളെ സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല. ഗവര്‍ണര്‍ നിയമോപദേശം തേടിയെന്നും വിവരം.

തമിഴ്നാടിന്‍റെ 18ാം മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങൾ വേഗത്തിലാകുകയാണ് വിജയ്. നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ടിവികെ നീക്കത്തിന്‍റെ ഭാഗമായാണ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് വിജയ് അവകാശവാദം ഉന്നയിച്ചത്. എൻ.ആനന്ദ്, ആദവ് അർജുന അടക്കമുള്ള നേതാക്കൾക്ക് ഒപ്പം എത്തിയാണ് വിജയ് ഗവർണറെ കണ്ട് കത്ത് നൽകിയത്. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങളാകട്ടെ ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

നിലവില്‍ 108 എംഎൽഎ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ദീർഘകാലമായുള്ള ഡിഎംകെ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ് പിന്തുണ നൽകിയതോടെ 113 പേരുടെ പിന്തുണയായിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നിയുക്ത കോൺഗ്രസ് എംഎൽഎമാരും പ്രവീൺ ചക്രവർത്തി, സെൽവപെരുന്തഗൈ അടക്കമുളള കോൺഗ്രസ്നേതാക്കളും പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തി വിജയ്‌യെ കണ്ടിരുന്നു. വർഗീയ ശക്തികളോട് കൂട്ട് കൂടരുതെന്ന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പ്, ലോക്സഭ- രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ടിവികെയുമായുള്ള സഖ്യം തുടരും. ഇതിനിടെ ടിവികെയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസ് നടപടിയെ ഡിഎംകെ രൂക്ഷമായി വിമർശിച്ചു.

കോണ്‍ഗ്രസിനെ കൂടാതെ അണ്ണാ ഡിഎംകെ പുറത്ത് നിന്ന് പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. ഭരണത്തിൽ പങ്കാളി ആകില്ല. 40 അധികം നിയുക്ത എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും എന്നാണ് വിവരം. ബോൾ വിജയ്‌യുടെ കോർട്ടിൽ ആണെന്നും വിജയ് ആണ് ആവശ്യക്കാരൻ എന്നുമായിരുന്നു സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അണ്ണാ ഡിഎംകെ വക്താവ് കോവൈ സത്യന്‍റെ പ്രതികരണം. ഇടത് പാർട്ടികൾക്കും പിന്തുണ തേടി കൊണ്ട് വിജയ് കത്തയച്ചിട്ടുണ്ട്. ഇതിനിടെ 50 ഓളം നിയുക്ത എംഎൽഎമാരെ ടിവികെ മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറ്റിയതായാണ് വിവരം.

Vijay's Swearing-in Delayed:

Actor-turned-politician Vijay's plans to take oath as the 18th Chief Minister of Tamil Nadu have hit a roadblock as Governor Rajendra Arlekar (or the incumbent) refused to grant permission without proof of a majority. Although the TVK emerged as the single largest party with 108 seats, it is still short of the magic number of 118 in the 234-member house. The Congress party’s decision to break away from the DMK and provide its support with 5 MLAs has brought the TVK’s tally to 113, which is still 5 seats short of the required mark. Swearing-in preparations at the Jawaharlal Nehru Indoor Stadium have been put on hold as the Governor reportedly seeks legal advice on the matter. Meanwhile, Vijay is reaching out to the AIADMK and Left parties for support to bridge the gap, while keeping his own MLAs sequestered in a Mahabalipuram resort to prevent poaching. The DMK has criticized the Congress's move, and the political atmosphere in Tamil Nadu remains tense as negotiations continue behind closed doors.