രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി രവനീത് ബിട്ടുവുമായി പാര്‍ലമെന്‍റ് കവാടത്തില്‍ വാക് പോര്. ധര്‍ണ നടത്തുന്ന പ്രതിപക്ഷ എം.പിമാരെ പരിഹസിച്ച ബിട്ടുവിനെ രാഹുല്‍ ഗാന്ധി ചതിയന്‍ എന്ന് വിളിച്ചു. രാഹുല്‍ ഗാന്ധി സിഖ് സമൂഹത്തെയാകെ അവഹേളിച്ചു എന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് വിട്ട്  ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ മകനായ ബിട്ടു. 

 

പാര്‍ലമെന്‍റിന്‍റെ മകരകവാടത്തില്‍ ധര്‍ണനടത്തുന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ഇരിക്കുകായിരുന്നു രാഹുല്‍ഗാന്ധി. സഭയിലേക്ക് വന്ന കേന്ദ്രമന്ത്രി രവനീത് ബിട്ടു എം.പമാരോട് യുദ്ധം ജയിച്ച് വന്നപോലുണ്ടല്ലോ എന്ന് പരിഹസിച്ചു. ഇത് കേട്ട  രാഹുല്‍ഗാന്ധി , ചതിയനല്ലേ ഈ പറയുന്നത് എന്ന് തിരിച്ചടിച്ചു. പ്രകോപിതനായ ബിട്ടുവിന് കൈകൊടുക്കാര്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല.

 

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച ബിജെപി, സിഖ് സമുദായത്തെയാകെ രാഹുല്‍ഗാന്ധി അപമാനിച്ചു എന്നാരോപിച്ചു. ഭീകരവാദത്തിന്‍റെ ഇരയായ ഒരാളുടെ മകനെ ചതിയനെന്ന് വിളിച്ചത് വേദനിപ്പിച്ചു എന്ന് പറഞ്ഞത് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അരവീന്ദര്‍ ലവ്‌ലിയും.

 

മൂന്നു തവണ പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തിയ രവനീത് സിങ് ബിട്ടു 2024 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അമരീന്ദര്‍ സിങ് വാറിങ്ങിനോട് പരാജയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായി. 

ENGLISH SUMMARY:

A verbal clash broke out between Rahul Gandhi and Union Minister Ravneet Bittu at the entrance of the Parliament. Rahul Gandhi called Bittu a fraudster after he mocked the opposition MPs who were holding a protest. The BJP accused Rahul Gandhi of insulting the entire Sikh community. Bittu, son of former Punjab Chief Minister Beant Singh, is a leader who left the Congress and joined the BJP.